നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുപി, ഹൈസ്കൂള്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: നൂറ്റാണ്ടിന്റെ ചരിത്രമുള്ള നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത സ്കൂളില്‍ കിഫ്ബിയില്‍ നിന്നുള്ള അഞ്ച് കോടിയും മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 1.75 കോടിയും ചിലവഴിച്ച് രണ്ട് നിലകളിലായി 23995 .34 ചതുരശ്ര അടിയുള്ള കെട്ടിടമാണ് യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നത്. കിറ്റ്കോയുടെയും കേന്ദ്ര എജന്‍സിയായ വാപ്പ്കോസിന്റെയും മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. 2018ല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീശൈലം ഗ്രൂപ്പ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് പണികള്‍ ആരംഭിച്ചുവെങ്കിലും, പ്രവ്യത്തികള്‍ നീണ്ടതോടെ ഇവരെ ഒഴിവാക്കി രണ്ടാമത് ടെണ്ടര്‍ വിളിച്ചതിനെ തുടര്‍ന്ന് കൊല്ലത്തുള്ള സൗത്ത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍സ് ഗ്രൂപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. പതിനാറ് ക്ലാസ് മുറികള്‍, നാല് ലാബുകള്‍, ഡൈനിംഗ് എരിയ, സ്റ്റാഫ് റൂം, പ്രധാന അധ്യാപകന്റെ റൂം, അടുക്കള, സ്റ്റാഫിനും വിദ്യാര്‍ഥികള്‍ക്കുമുള്ള ടോയ്ലറ്റുകള് എന്നിവയാണ് പുതിയ യുപി, ഹൈസ്കൂള്‍ ബ്ലോക്കിലുള്ളത്. നിലവില്‍ യുപിയിലും ഹൈസ്കൂളിലുമായി 405 കുട്ടികളാണ് ഇവിടെ ഉള്ളത്. ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് പ്രവേശന കവാടത്തിന്റെ നിര്‍മ്മാണവും മറ്റ് നവീകരണ പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും പ്രവേശനകവാടത്തിന്റെയും വിഎച്ച്എസ്ഇ ക്ലാസ് മുറിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. സാംസ്കാരിക ഘോഷയാത്ര, നാടന്‍ പാട്ട്, കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍, നാടകം എന്നിവയും നടക്കും.