എത്തനോള്‍, ഓര്‍ഗാനിക് സോള്‍വെന്റ്സ് എന്നിവയിലുള്ള ജലാംശം നീക്കം ചെയ്യുന്നതിനുള്ള പരിസ്ഥിതി സൗഹൃദപ്രക്രിയ ക്ക് പേറ്റന്റ് ലഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രസതന്ത്രവിഭാഗത്തില്‍ നിന്നുള്ള അസോസിയേറ്റ് പ്രഫസറും, വകുപ്പ് മേധാവിയുമായ ഡോ. വി.ടി. ജോയ്, വിദ്യാര്‍ഥികളായ കെ.എന്‍. ഗോപിക, ജെസിയ ജോയ് എന്നിവര്‍ എത്തനോളിലെ ജലാംശത്തെ നീക്കം ചെയ്യുന്നതിനുള്ള പരിസ്ഥിതി സഹൃദപ്രക്രിയ കണ്ടുപിടിക്കുകയും ആ പ്രക്രിയക്കു പേറ്റന്റ് അനുവദിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍ നിന്നും ലഭിച്ചു. പേറ്റന്റ് ലഭിച്ച ഈ പ്രക്രിയയില്‍, എത്തനോള്‍, ഓര്‍ഗാനിക് ലായകങ്ങള്‍ എന്നിവയില്‍ നിന്നുള്ള ജലം അണ്‍ഹൈഡ്രസ് സോഡിയം കാര്‍ബണേറ്റ്, ഡ്രൈ കാര്‍ബണ്‍ഡൈ ഓകാസൈഡ് വാതകം എന്നിവയുമായി പ്രവര്‍ത്തിച്ചു സോഡിയം ബൈകാര്‍ബണേറ്റ് ആയി മാറുന്നു. പരിസ്ഥിതി സൗഹാര്‍ദപരമായ രാസപഥാര്‍ത്ഥങ്ങള്‍ മേല്‍ പറഞ്ഞ ലായകങ്ങളില്‍ ലയിക്കാത്തതിനാല്‍ ഫില്‍ട്രേഷന്‍ വഴി എളുപ്പത്തില്‍ നീക്കാന്‍ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന ഓര്‍ഗാനിക് ലായകങ്ങളില്‍ ജലാംശം തീരെ കുറവായിരിക്കും. സോഡിയം ബൈകാര്‍ബണേറ്റിനെ 120 ഡിഗ്രി സെല്‍ഷ്യസ്വരെ ചൂടാക്കിയാല്‍ തിരിച്ചു സോഡിയം കാര്ബോനേറ്റ് ആയി മാറുകയും, ഡ്രൈ ചെയ്തു വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന അപകടകരവും പരിസ്ഥിതി മലിനമാക്കുന്നതുമായ ഡ്രയിങ് രീതികള്‍ക്ക് പകരമായി ലളിതവും, പരിസ്ഥിതി സൗഹാര്‍ദപരവുമായ ഈ രീതി ഉപയോഗിക്കാം. ശുദ്ധമായ എത്തനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍, മോട്ടോര്‍സൈക്കിള്‍ വാഹനങ്ങള്‍ നിര്‍മ്മാതാക്കളായ ടൊയോട്ട, നിസ്സാന്‍, ടിവിഎസ് എന്നീ കമ്പനികള്‍ നിരത്തിലിറക്കാന്‍ പോകുന്ന ഈ കാലഘട്ടത്തില്‍ ഈ കണ്ടു പിടിത്തത്തിനു പ്രസക്തിയേറെയുണ്ട്.