ലഹരിയില്‍ മുങ്ങി കാര്‍ട്ടൂണും ഭീകരവാദത്തില്‍ നിറഞ്ഞ് കൊളാഷും
ഇരിങ്ങാലക്കുട: വിഷയത്തിലെ പുതുമ കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ഇന്നലെ നടന്ന രചനാമത്സരങ്ങളിലെ കാര്‍ട്ടൂണും കൊളാഷും. ഭീകരവാദമായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കൊളാഷിനു നല്കിയ വിഷയം. ഹയര്‍ സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണിനു നല്‍കിയത് നിലതെറ്റിയ ലഹരി ആയിരുന്നു. ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് കാര്‍ട്ടൂണിന് നല്കിയ വിഷയം സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികള്‍ എന്നുള്ളതായിരുന്നു. കാലഘട്ടത്തിനനുസരിച്ചുള്ള ആനുകാലിക വിഷയങ്ങളാണ് ഇവയെന്ന് മത്സരാര്ഥികളും അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. മത്സരാര്‍ഥികളെല്ലാം മികച്ച നിലവാരം പൂര്‍ത്തിയായതായാണ് വിധികര്ത്താക്കളടക്കമുള്ളവരുടെ വിലയിരുത്തല്‍. ഈ മൂന്നു വിഷയങ്ങളും മത്സരം ഏറെ മികച്ചതാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ വലിയ സന്ദേശം നല്‍കുന്നതിനും സഹായകരമായി. ഭീകരവാദത്തില്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ വിദ്യാര്‍ഥികള്‍ കൊളാഷിലൂടെ അവതരിപ്പിച്ചു. വിദ്യാര്‍ഥികളെയും യുവാക്കളെയും നാശത്തിലേക്കു നയിക്കുന്ന ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആക്ഷേപ ഹാസ്യത്തിലൂടെ വരച്ചത് ഏറെ ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍ ഇന്ന് അനുഭവിക്കുന്ന സോഷ്യല്‍മീഡിയയിലെ ചതിക്കുഴികള്‍ എന്ന വിഷയം ഹാസ്യ രൂപത്തില്‍ വരച്ചത് പുതുതലമുറക്കുള്ള സന്ദേശമായിരുന്നു.