ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോല്‍സവത്തിന് സംഗമപുരിയില്‍ തിരി തെളിഞ്ഞു …
ഇരിങ്ങാലക്കുട: 13 മത് ദേശീയ പല്ലാവൂര്‍ താളവാദ്യമഹോല്സവത്തിന് തിരി തെളിഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലുള്ള പ്രത്യേക വേദിയില്‍ നടന്ന ചടങ്ങില്‍ കേരളസംഗീതനാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദകസമിതി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ പല്ലാവൂര്‍ താളവാദ്യമഹോല്സവം ഉദ്ഘാടനം ചെയ്തു. ഡോ രാജന് ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ത്യപ്പേക്കുളം പുരസ്കാരം കലാമണ്ഡലം ശിവരാമനും പല്ലാവൂര്‍ ഗുരുസ്മ്യതി പുരസ്കാരം ചോറ്റാനിക്കര സുരേന്ദന്മാരാര്ക്കും ചടങ്ങില്‍ വച്ച് സമ്മര്‍പ്പിച്ചു.മാക്കോത്ത് കുട്ടന്മാരാര്, പരിയാരത്ത് ഗോപാലകൃഷ്ണ മാരാര്‍, പൈങ്കുളം പത്മനാഭന്നായര് , മഠത്തിലാത്ത് ഉണ്ണിനായര് , കുമ്മത്ത് നന്ദനന്‍ എന്നിവര്‍ ഗുരുപൂജാ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഡോ സദനം കൃഷ്ണന്‍കുട്ടി, കലാനിലയം രാഘവന്, വി കെ അനില്‍കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പത്മശ്രീ പെരുവനം കുട്ടന്മാരാര്, ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് , പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ് സ്വാഗതവും സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാര്‍ നന്ദിയും പറഞ്ഞു.