തണ്ണീര്‍ തടങ്ങള്‍ക്ക് മരണമണി, പേര് മീന്‍ വളര്‍ത്തല്‍, ലക്ഷ്യം കളിമണ്‍ ഖനനം, മനംനൊന്ത് നെല്‍കര്‍ഷകര്‍
കരുവന്നൂര്‍: മീന്‍ വളര്‍ത്താനെന്ന പേരില്‍ അധികൃത ഇഷ്ടിക നിര്‍മാണത്തിനായി വീണ്ടും കളിമണ്‍ ഖനനം. കരുവന്നൂര്‍ ബംഗ്ലാവ് ജംഗ്ഷനിലെ കൃഷി ഭവനു പുറകിലെ പാടശേഖരത്തിലാണ് മീന്‍ വളര്‍ത്താനെന്ന പേരില്‍ ഇഷ്ടിക നിര്‍മാണത്തിന് മണ്ണെടുക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്തെ ഏക്കര്‍കണക്കിന് പാടശേഖരത്തില്‍ നിന്നും ഇഷ്ടിക നിര്‍മാണത്തിനായി സ്വകാര്യ വ്യക്തി അനധികൃത കളിമണ്‍ ഖനനം നടന്നിരുന്നു. ഇവിടെയാണ് കളിമണ്ഖനനത്തിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വീണ്ടും നടക്കുന്നത്. മുമ്പ് നടന്ന മണ്ണെടുപ്പു മൂലം ഈ പാടശേഖരങ്ങളില്‍ പലയിടത്തും വലിയ ഖര്ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. 35ഉം 30ഉം അടി താഴ്ചയുള്ള വന്‍ കുഴികളാണ് ഈ പാടശേഖരത്തിലുള്ളത്. മൂന്നു ജെസിബികളും പതിനഞ്ചിലധികം ടിപ്പല്‍ ലോറികളുമായാണ് കളിമണ്‍ഖനനം. നെല്ലും മീനും എന്ന സര്‍ക്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീന്‍ വളര്‍ത്തുന്നതിനായി മണ്ണെടുക്കുവാന്‍ അനുവദിക്കണമെന്നാണ് ഈ സ്വകാര്യവ്യക്തി പലയിടത്തും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം മൂന്നു ഏക്കറോളം പാടശേഖരത്തിലെ കളിമണ്ണാണ് എടുത്തുകൊണ്ടു പോകുന്നത്. എന്നാല്‍ മീന്‍ വളര്‍ത്തുന്നതിനു വേണ്ടിയല്ല മണ്ണെടുക്കുന്നതെന്നും ഇഷ്ടിക നിര്‍മാണത്തിനു വേണ്ടിയാണ് മണ്ണെടുക്കുന്നതെന്നുമാണ് നാട്ടുക്കാര് പറയുന്നത്. നാട്ടുക്കാരെയും കര്‍ഷകരെയും അധികൃതരെയും തെറ്റിദ്ധരിപ്പിക്കുകയാണ് ഈ സ്വകാര്യ വ്യക്തി ഇതു വഴി ചെയ്തിരിക്കുന്നത്. പാടശേഖരത്തിലെ വെള്ളം വറ്റിയാല്‍ സമീപ പ്രദേശങ്ങളിലെ കൃഷിക്കു വെള്ളം ലഭിക്കില്ലെന്നു മാത്രമല്ല, കിണറുകളിലെ വെള്ളം വറ്റുമെന്നതിനാല് കുടിവെള്ള ക്ഷാമം രൂക്ഷമാകുവാനും സാധ്യതയുണ്ട്. ഇതോടെ നെല്‍കൃഷിയും തെങ്ങ്, വാഴ എന്നീ കൃഷികള്‍ക്കും നാശം സംഭവിക്കും. രണ്ടാഴ്ചയായി തുടരുന്ന കളിമണ്‍ ഖനനം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാര് കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.