പതിനഞ്ച് തൊഴില്‍ സംരംഭങ്ങള്‍ പ്രഖ്യാപിച്ച് മുരിയാട് പഞ്ചായത്തില്‍ തൊഴില്‍ സഭ
മുരിയാട്: എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പദ്ധതി പ്രകാരം 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ സഭയില്‍ മുരിയാട് പഞ്ചായത്തില്‍ ആദ്യ ഘട്ടത്തില്‍ തന്നെ 15 തൊഴില്‍ സംരംഭങ്ങളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന തൊഴില്‍ സഭയില്‍ 150ല്‍ പരം തൊഴില്‍ അന്വേഷകര്‍ പങ്കെടുത്തു. ഖാദി വ്യവസായ കേന്ദ്രം, കുടുംബശ്രീ, പഞ്ചായത്തിന്റെ സ്വയം തൊഴില്‍ പദ്ധതി, സഹകരണ ബാങ്കുകള്‍ എന്നിവയുടെ കൂട്ടായ്മയിലൂടെയാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത് മുരിയാട് പഞ്ചായത്തിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു. മുരിയാട്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരിത സുരേഷ്, സെക്രട്ടറി റെജി പോള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.യു. വിജയന്, രതി ഗോപി പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍ കുമാര്‍, നിജി വത്സന്, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മനീഷാ മനീഷ്, മണി സജയന്, റോസ്മീ ജയേഷ് എന്നിവരും, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം. ബാലചന്ദ്രന് കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിത രവി എന്നിവരും സംസാരിച്ചു. ബിസിനസ് ഇന്റ്റേണ് കെ.ആര്. ഹണി രാജ് കില റിസോഴ്സ് പേഴ്സണ്‍ ഭാസു രാംഗന്‍, ശാന്തി, രേഷ്മ രാജന് എന്നിവര്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും കൗണ്‍സിലിങ്ങിനും നേതൃത്വം നല്കി. എസ്ബിഐ ലൈഫ് ടാറ്റാ ഷോറൂം തുടങ്ങി നിരവധി സ്വകാര്യ കമ്പനികളും തൊഴില്‍ ഭാതാക്കളായി തൊഴില്‍ സഭയില്‍ എത്തി.