മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ പേരടങ്ങുന്ന ഫലകം അനാച്ഛാദനം ചെയ്തു
ആളൂര്‍: ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് മുതല്‍ നാളിതുവരെയുള്ള മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പേരും, അഡ്രസും, കാലഘട്ടവും, ഫോട്ടോയും സഹിതമുള്ള ഫലകം ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന മുന്‍ പ്രസിഡന്റ് പോള്‍ കോക്കാട്ട് അനാച്ഛാദനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍കാല പ്രസിഡന്റുമാരേ കുറിച്ച് പുതിയ തലമുറയ്ക്ക് കൃത്യമായ ധാരണ ഉണ്ടാകുന്നതിനു വേണ്ടിയാണ് ഈ ഉദ്യമത്തിനു തീരുമാനിച്ചതെന്ന് അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റുമാരായ എം.എസ്. മൊയ്ദീന്, കാതറിന് പോള്‍, എന്‍.കെ. ജോസഫ്, അയ്യപ്പന് ആങ്കാരത്ത്, സന്ധ്യാ നൈസന്‍ എന്നിവര്‍ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചു. ഈ മഹനീയ ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സിപിഐഎം എല്‍സി സെക്രട്ടറി ഐ.എന്‍. ബാബു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ബാബു തോമസ്, സിപിഐ നേതാവ് എം.ബി. ലത്തീഫ്, എന്നിവര്‍ സംസാരിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അന്തരിച്ച ടി.ഒ. ആന്റണിയുടെ മകന് വിന്‍സെന്റ് തണ്ട്യേക്കല്‍, എം.യു. സുദര്ശനന് മാസ്റ്ററുടെ മകന് ഹരിലാല്‍ എന്നിവര്‍ പഞ്ചായത്തിന് പ്രകീര്‍ത്തിച്ച് സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് സ്വാഗതവും, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ധിപിന്‍ പാപ്പച്ചന് നന്ദിയും പ്രകാശിപ്പിച്ചു.