ഇരിങ്ങാലക്കുട മുരിയാട് വേളൂക്കര ശുദ്ധജല പദ്ധതിയ്ക്ക് തുടക്കം
കുടിവെള്ള പ്രശ്ന പരിഹാരത്തിന് ഒന്നാമത് പരിഗണ: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള സ്വയംപര്യാപ്തിയിലേക്ക് നയിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തിയ്ക്ക് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഒന്നാമത് പരിഗണനയാണ് നല്‍കുന്നതെന്നും അതിന്റെ ഫലപ്രാപ്തിയാണ് ഈ തുടക്കമെന്നും ചടങ്ങില്‍ അധ്യക്ഷയായിരുന്ന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎല്‍എയുമായ ഡോ. ആര്. ബിന്ദു പറഞ്ഞു. മണ്ഡലത്തില്‍ അടുത്തകാലത്തായി നടന്ന ഏറ്റവും ബൃഹത്തായ പദ്ധതിയാണ് സമഗ്രശുദ്ധജല കുടിവെള്ള നിര്‍മ്മാണം. പദ്ധതി നിലവില്‍ വരുന്നതോടെ ഇരിങ്ങാലക്കുട നഗരസഭയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളും പൂര്‍ണ സ്വയം പര്യാപ്തതയിലേയ്ക്ക് വളരുമെന്ന് മന്ത്രി പറഞ്ഞു. ഇതോടുകൂടി വലിയൊരു പ്രദേശത്തിന്റെ കുടിവെള്ള പ്രശ്നത്തിനാണ് ശാശ്വത പരിഹാരമാകുന്നത്. 114 കോടി രൂപ ചെലവിട്ടാണ് ഇരിങ്ങാലക്കുട മുരിയാട് വേളൂക്കര ശുദ്ധജല പദ്ധതിയുടെ നിര്‍മ്മാണം. ഇരിങ്ങാലക്കുട നഗരസഭയിലെയും, ഒപ്പം, മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും മുഴുവന്‍ കുടുംബങ്ങള്‍ക്കും ആളൊന്നിന് നൂറു ലിറ്റര്‍ വീതം കുടിവെള്ളം എത്തിക്കാനാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്. കരുവന്നൂര്‍ പുഴ സ്രോതസായ പദ്ധതിയില്‍ നഗരസഭയിലെ മാങ്ങാടിക്കുന്നില്‍ പുതുതായി നിര്‍മ്മിക്കുന്ന പതിനെട്ടു ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാലയില്‍ ജലം ശുദ്ധീകരിക്കും. മുരിയാട് പന്ത്രണ്ട് ലക്ഷം ലിറ്ററും വേളൂക്കരയില്‍ പത്തുലക്ഷം ലിറ്ററും സംഭരണശേഷിയുള്ള സംഭരണികളില്‍ ഇത് സംഭരിച്ച് പുതുതായി സ്ഥാപിക്കുന്ന വിതരണശൃംഖല വഴി ഇരു പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, തദ്ദേശ സ്വയംഭരണ സമിതികളുടെ അധ്യക്ഷന്മാരായ സോണിയ ഗിരി, വിജയലക്ഷ്മി വിനയചന്ദ്രന്, ലളിത ബാലന്, കെ.എസ്. ധനീഷ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഷാജി പാമ്പൂരി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.