ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്-ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കും ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിനും പ്രാധാന്യം.
ഇരിങ്ങാലക്കുട: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് ഒന്‍പത് കോടിയും ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് ഒരു കോടി പതിമൂന്ന് ലക്ഷവും കാറളം വെള്ളാനിയില്‍ ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിക്കുന്നതിന് 95.33 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 15, 10,31227 വരവും 14,78,63,320 രൂപ ചിലവും 31,67,907 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ അവതരിപ്പിച്ചത്. ആരോഗ്യ മേഖലയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായി 12,64, 390 രൂപയും കുടിവെള്ള മേഖലയില്‍ കിണര്‍ റീച്ചാര്‍ജിനായി 12,48,000 രൂപയും വാട്ടര്‍ എടിഎം സ്ഥാപിക്കുന്നതിന് 12 ലക്ഷവും സേവന മേഖലയില്‍ ഭിന്നശേഷിയുള്ള 208 കുട്ടികള്‍ക്ക് പഠനസഹായ സ്കോളര്‍ഷിപ്പിനായി പതിമൂന്നര ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉല്പാദന മേഖലയില്‍ മുട്ട കോഴി വിതരണത്തിന് 1,73,240 രൂപയും സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് വനിത ഗ്രൂപ്പുകള്‍ക്ക് 3,75,000 രൂപയും ഫിനിഷിംഗ് സ്കൂള്‍ നൈപുണ്യവികസനത്തിന് അഞ്ച് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്- ക്ഷീര കാര്‍ഷികമേഖലക്കു മുന്‍ഗണന
കോണത്തുകുന്ന്: ക്ഷീര കാര്‍ഷിക മേഖലക്ക് പ്രത്യേക പദ്ധതികളുമായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍ അവതരിപ്പിച്ചു. ജൈവവള ഉല്പാദനത്തിലൂടെ അധികവരുമാനം എന്ന ലക്ഷ്യത്തോടെ ചാണകം ഉണക്കിപൊടിക്കാന്‍ ബ്ലോക്ക് തലത്തില്‍ കേന്ദ്രം, ബയോ ക്ലീനിക്, ബയോ ലാബ്, കാര്‍ഷിക വിവര വിനിമയ കേന്ദ്രം, അഞ്ചു പഞ്ചായത്തുകളിലെ വായനശാലകളിലെ കാര്‍ഷിക കൂട്ടായ്മകളെ സംയോജിപ്പിച്ച് ഓണ്‍ലൈന്‍ വിപണന സംവിധാനം തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ കീഴില്‍ വരും. ചെറുകിട വ്യവസായത്തെ കൂടി പരിപോഷിപ്പിക്കാന്‍ ലക്ഷ്യമാക്കുന്ന പദ്ധതിക്കായി 40 ലക്ഷം വകയിരുത്തി. വനിതാ സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈബ്സ് എന്ന പേരില്‍ നടപ്പാക്കുന്ന ഐടിപാര്‍ക്ക് പദ്ധതിക്കായി ഈ വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 25 ലക്ഷം, ബ്ലോക്ക് പരിധിയിലെ ഓരോ പഞ്ചായത്തിലും ഓരോ പാലിയേറ്റീവ് കേന്ദ്രം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി, അഞ്ചു പഞ്ചായത്തുകളുടെയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന പദ്ധതികള്‍ക്കുള്ള സഹായം, ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 80 ലക്ഷം എന്നിങ്ങനെ വകയിരുത്തി. ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഓപ്പണ്‍ ജിം, മിനി പാര്‍ക്ക്, പുത്തന്‍ചിറ സിഎച്ച്സി, വെള്ളാങ്കല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കും തുക വകയിരുത്തിയിട്ടുണ്ട്. 34.41 കോടി വരവും 33.14 കോടി ചെലവും 1.27 കോടി രൂപ നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു.
മുരിയാട് പഞ്ചായത്ത് -ഗ്രീന്‍ സാനിറ്റേഷന്‍, ഡിജി മുരിയാട്, ജീവ ധാരാ നൂതനപദ്ധതികള്‍
മുരിയാട്: 29 കോടി 52 ലക്ഷംരൂപ വരവും 28 കോടി 70 ലക്ഷം രൂപ ചിലവും 82 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള മുരിയാട് ഗ്രാമപഞ്ചായത്തിന്റെ 23-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അംഗീകരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത സുരേഷ് ബഡ്ജറ്റ് അവതരണം നടത്തി. ശുചിത്വരംഗത്ത് നിര്‍ണായക ഇടപെടല്‍ നടത്തുന്ന ഗ്രീന്‍ സേനിറ്റേഷന്, സമഗ്രാരോഗ്യപദ്ധതി ആയ ജീവധാര ആസ്തി ഡിജിറ്റലൈസേഷന് ഡിജിറ്റല്‍ സാക്ഷരത ക്യാമ്പയിനുമായി ഡിജി മുരിയാട് തുടങ്ങിയവ ബഡ്ജറ്റിലെ നൂതന നിര്‍ദ്ദേശങ്ങളാണ്. ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് 325 ലക്ഷം രൂപയും ടൂറിസം പദ്ധിതകള്‍ക്ക് 75 ലക്ഷം രൂപയും യുവജനക്ഷേമത്തിന് 55 ലക്ഷം രൂപയും കാര്‍ഷിക ജലസേചന മേഖലക്ക് 180 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അംഗനവാടി കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക പദ്ധതികള്‍ക്കും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കേരളോത്സവത്തിന് പുറമേ അംഗനവാടി, ഭിന്നശേഷി, വയോജന കലോത്സവങ്ങളും ബഡ്ജറ്റ് നിര്‍ദ്ദേശിക്കുന്നുണ്ട്. ബഡ്ജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.