ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള തളിയക്കോണം സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ തളിയക്കോണത്തുള്ള സ്റ്റേഡിയത്തിന്റെ നവീകരണ പ്രവ്യത്തികള്‍ക്ക് തുടക്കമാകുന്നു. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയാണ് സ്റ്റേഡിയ നവീകരണ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കുക. ഫുട്ബോള്‍ ഉള്‍പ്പെടെയുളള കളികള്‍ക്കായുള്ള മഡ് കോര്‍ട്ട് നിര്‍മ്മാണം, മൈതാനം നിരപ്പാക്കല്‍, സംരക്ഷണഭിത്തി നിര്‍മ്മാണം, വൈദ്യുതീകരണം എന്നീ പ്രവര്‍ത്തികളാണ് നവീകരണത്തിന്റെ ഭാഗമായി സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നത്. കോഴിക്കോട് സ്വദേശിയായ മനീഷാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തില്‍ ഉടനീളം പ്രാദേശിക സ്റ്റേഡിയങ്ങളുടെയും സര്‍വകലാശാലകളോട് ചേര്‍ന്നുള്ള സ്റ്റേഡിയങ്ങളുടെയും നവീകരണ പ്രവര്‍ത്തികള്‍ നടന്നു വരികയാണെന്ന് നവീകരണോദ്ഘാടനം നിര്‍വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കളി സ്ഥലങ്ങള്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മുഖ്യാതിഥി ആയിരുന്നു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ് കുമാര്‍, സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, നഗരസഭ സെക്രട്ടറി കെ.എം. മുഹമ്മദ് അനസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ. ഷാജുട്ടന്‍ സ്വാഗതവും മുനിസിപ്പല്‍ സൂപ്രണ്ട് ദിലേഷ് പൊന്നമ്പി നന്ദിയും പറഞ്ഞു.