മുരിയാടിന്റെ മുടിച്ചിറ മുടിഞ്ഞു തന്നെ…… തുറവന്‍കാട് മുടിച്ചിറ തകര്‍ന്നിട്ട് ഒരു വര്‍ഷം
തിരിഞ്ഞു നോക്കാതെ അധികൃതര്‍
പുല്ലൂര്‍:മുരിയാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിക്കപ്പെട്ട തുറവന്‍കാട് മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ വര്‍ഷം മെയ് 14 നുണ്ടായ മഴയിലാണ് മുടിച്ചിറയുടെ നിര്‍മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകര്‍ന്നത്.പഞ്ചായത്തിലെ 12,13 14 വാര്‍ഡുകളിലെ പ്രധാന ജലസ്രോതസാണ് തുറവന്‍കാട് മുടിച്ചിറ. അതിനു മുന്‍വര്‍ഷവും ഈ ചിറയുടെ റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപെട്ടിരുന്നു. നാലു വശവും ഇടിഞ്ഞു വര്‍ഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ എം എല്‍ എ കെ.യു.അരുണന്റെ വികസന ഫണ്ടില്‍ നിന്നും 2019-20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്. 2021 ഏപ്രില്‍ മാസത്തോടെ പണികള്‍ ആരംഭിച്ചെങ്കിലും വര്‍ഷകാലമായതോടെ ചിറയുടെ റോഡിനോട് ചേര്‍ന്ന ഭാഗം ഇടിയുകയായിരുന്നു.തുറവന്‍കാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസപ്പെട്ടു.പിന്നീട് പണികള്‍ പുനരാരംഭിച്ചെങ്കിലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.
തകര്‍ന്ന സംരക്ഷണ ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്തു ആവശ്യത്തിന് മണ്ണിട്ടുയര്‍ത്തിയില്ലെന്ന പരാതി ഉണ്ടായിരുന്നു. എന്നാല്‍ ചിറ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചിറയില്‍ നിന്നും കോരിയെടുത്ത മണ്ണ് സ്വകാര്യ നിലം നികത്തുന്നതിന് നല്‍കിയത് പരാതിക്കിട നല്‍കിയിരുന്നു. തുടര്‍ന്ന് ആ പരാതി തേഞ്ഞു മാഞ്ഞു പോയി. മണ്ണിട്ടുയര്‍ത്താത്ത വശത്തു വെള്ളം ഇറങ്ങിയതാണ് സംരക്ഷണ ഭിത്തി തകരുന്നതിനു കാരണമായത്. നൂറ്റമ്പതോളം മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് ഭിത്തിയാണ് തകര്‍ന്നു ചിറയിലേക്കു മറിഞ്ഞു വീണത്. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിര്‍മിക്കുമ്പോള്‍ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ല.
അശാസ്ത്രീയമായ നിര്‍മാണവും കെടുകാര്യസ്ഥതയുമാണ് തകര്‍ച്ചക്ക് കാരണം-കോണ്‍ഗ്രസ്
ചെറിയ തോടുകള്‍ കെട്ടുന്ന ലാഘവത്തോടെ ഇത്രയും വലിയ ചിറ കെട്ടാന്‍ തുനിഞ്ഞതിനു പിന്നില്‍ വന്‍സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. തുറവന്‍കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് ചിറ തകര്‍ന്നത്. സ്ഥലത്തെത്തിയ മന്ത്രി ആര്. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് അടക്കമുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പരിശോധന നടത്തി. ചിറയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മുളകള്‍ ഉപയോഗിച്ച് താല്കാലികമായി കെട്ടിയെങ്കിലും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മുടിച്ചിറയില് വെള്ളം സംഭരിക്കാനാകാത്ത സ്ഥിതിയാണ്.
അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി- ജോസ് ചിറ്റിലപ്പിള്ളി (പ്രസിഡന്റ്, മുരിയാട് ഗ്രാമപഞ്ചായത്ത്)
മുടിച്ചിറയുടെ അരികിടിഞ്ഞതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചീഫ് എന്‍ജിനീയര്‍ക്ക് അയച്ചിട്ടുണ്ട്. മറുപടി കിട്ടിയതിനുശേഷം മാത്രമേ തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്ന് അറിയാനാകൂ. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എംഎല്‍എ ഫണ്ടുപയോഗിച്ചാണ് നവീകരണം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് നിര്‍വഹണച്ചുമതല. ചിറയുടെ കരിങ്കല്ല് കെട്ടിയ ഭാഗം മാത്രമാണ് ഗ്രാമപഞ്ചായത്ത് ചെയ്തത്.