തൊട്ടടുത്ത് പുഴയും പമ്പ് ഹൗസും, ഒമ്പതുമുറി കോളനിവാസികൾ വെള്ളത്തിനായി നെട്ടോട്ടത്തിൽ
ഠ പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
ഇരിങ്ങാലക്കുട: കരുവന്നൂർ പുഴയ്ക്കും വാട്ടർ അതോറിറ്റി പമ്പ് ഹൗസിനും സമീപത്തായിരുന്നിട്ടും കുടിവെള്ളത്തിന് നെട്ടോട്ടമോടി ഒമ്പതുമുറി കോളനിക്കാർ. ഇരിങ്ങാലക്കുട നഗരസഭ രണ്ടാം ഡിവിഷനിൽ കരുവന്നൂർ ബംഗ്ലാവ് ഒമ്പതുമുറി കോളനിയിൽ താമസിക്കുന്ന പത്തു കുടുംബങ്ങൾക്കാണ് കുടിവെള്ളം ഇപ്പോഴും അന്യമാകുന്നത്. തൃശൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയ്ക്ക് ഇരുവശത്തും താഴെയായിട്ടാണ് കോളനിയിലെ വീടുകൾ. ഇതിനോടു ചേർന്നാണു വട്ടർ അതോറിട്ടി പന്പുഹൗസ്. എന്നാൽ കുടിവെള്ളം ശേഖരിക്കാൻ റോഡ് മുറിച്ചുകടന്നുപോകണം ഇപ്പോഴും.
കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് ഒട്ടേറെ തവണ നഗരസഭയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. ആദ്യകാലത്തു റോഡിനോട് ചേർന്നുള്ള പൊതുകിണറ്റിൽനിന്നു വെള്ളം ലഭിച്ചിരുന്നു. കാലങ്ങളായി അത് വൃത്തിയാകാത്തതിനാൽ മാലിന്യംനിറഞ്ഞു കാടുകയറി. ജനകീയാസൂത്രണം 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒന്പതുമുറി കുടിവെള്ള പദ്ധതിക്കായി ഇരിങ്ങാലക്കുട നഗരസഭ അഞ്ചുലക്ഷം രൂപ വകയിരുത്തിയത്. വൃത്തിയാക്കി ടാങ്കും മോട്ടോർ പന്പ് സെറ്റും സ്ഥാപിച്ച് പൈപ്പ് ലൈൻ വലിക്കുന്നതായിരുന്നു പദ്ധതി. ഇതിനായി ടെൻഡർ വിളിച്ച് കരാറുകാരനെ ഏൽപ്പിച്ചു. എന്നാൽ പ്രവൃത്തി നടക്കേണ്ടതു പിഡബ്ല്യുഡി റോഡിനോട് ചേർന്നുള്ളതായതിനാൽ റോഡിന്റെ അതിർത്തി നിർണയിക്കാൻ പൊതുമരാമത്തിനോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല.
ഇതോടെ പദ്ധതി ഉപേക്ഷിച്ചതായിട്ടാണ് പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോടിന് വിവരാവകാശം നിയമപ്രകാരം നൽകിയ രേഖയിൽ പറയുന്നത്. ഉത്തരവാദിത്വം നഗരസഭയ്ക്ക് മാത്രമാണെന്ന് ഷിയാസ് പാളയംകോട് ആരോപിച്ചു. 2021 മാർച്ചിലാണ് പിഡബ്ല്യുഡിക്ക് റോഡിന്റെ അതിർത്തി നിർണയിച്ച് നൽകാൻ ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകയത്. പദ്ധതി ഡ്രോപ്സാകുന്ന മാസം വരെ കാത്തിരുന്നതാണ് തിരിച്ചടിയായത്. അടിയന്തരമായി പുതിയ പദ്ധതി വിളിച്ച് പ്രദേശത്തെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സണ്, തഹസിൽദാർ, ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.
പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ആദ്യപടിയായി പൊതുമരാമത്ത് റോഡിന്റെ അതിർത്തി നിർണയിച്ച് കമ്മീഷനെ അറിയിക്കാൻ അധികൃതരോടു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. എന്നാൽ കാര്യമായ നടപടികളുണ്ടായില്ലെന്ന് കോളനി നിവാസികൾ ആരോപിച്ചു.