ഇരിങ്ങാലക്കുട നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ട്: കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പിലാക്കിയത് സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി
മൊബൈല്‍ ടവറുകളുടെ വസ്തുനികുതി കുടിശിക ഈടാക്കുന്നതിലും വീഴ്ച
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായ നടപടികളോടെയാണ് ഇരിങ്ങാലക്കുട നഗരസഭയില്‍ കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പിലാക്കിയതെന്ന് 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട്. പദ്ധതി നടപ്പിലാക്കിയപ്പോള്‍ നിര്‍വഹണ ഏജന്‍സിക്ക് നല്കിയ തുകയില്‍നിന്നും നികുതി കുറവുചെയ്യുന്നതിന് പകരം ഗുണഭോക്താവിന് നല്കിയ തുകയില്‍നിന്നാണ് നികുതി കുറവ് ചെയ്തിരിക്കുന്നത്. ജിഎസ്ടി രജിസ്ട്രേഷനും പാന്കാര്ഡുമില്ലാത്ത എജന്സിയുമായിട്ടാണ് നഗരസഭ പദ്ധതി നടത്തിപ്പിനായി കരാറില്‍ എര്‍പ്പെട്ടത്. ഇതുമൂലം ജിഎസ്ടി, ആദായനികുതി നിയമം എന്നിവ പാലിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആദായനികുതിയിനത്തില്‍ കുറവുവന്ന തുക ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിലെ ക്രമക്കേടുകളും ഓഡിറ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വാടകയ്ക്ക് നല്കുന്ന കെട്ടിടമുറികള്‍ സംബന്ധിച്ച് സമഗ്രവിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. കസ്തൂര്‍ബ വനിതാഷോപ്പിംഗ് കോംപ്ലക്സില്‍ 31 മുറികള്‍ ഉള്ളതില്‍ 19 എണ്ണം 2021-22 വര്‍ഷത്തില്‍ പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയാണ്. മോഡേണ്‍ ഫിഷ് മാര്‍ക്കറ്റിലെ 36 മുറികളില്‍ ഒമ്പത് എണ്ണത്തില്‍ മാത്രമാണ് വാടകക്കാരുള്ളതായി രേഖപ്പെടുത്തിയതെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നഗരസഭ കാര്യാലയ്തിന്റേയും സോണല്‍ കാര്യാലയത്തിന്റേയും പരിധിയില്‍വരുന്ന മൊബൈല്‍ ടവറുകളുടെ വസ്തുനികുതി കുടിശിക ഈടാക്കണമെന്നും സോണല്‍ കാര്യാലയത്തില്‍ 2017-18 മുതലും നഗരസഭ കാര്യാലയത്തില്‍ 2012-13 വര്‍ഷം മുതലും കുടിശിക നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ഇനത്തില്‍മാത്രം ലക്ഷങ്ങളാണ് പിരിച്ചെടുക്കാനുള്ളത്. പിഎംഎവൈ ലൈഫ് ഭവനപദ്ധതിയില്‍ തുക കൈപ്പറ്റിയ ഇരുപത്തിമൂന്ന് ഗുണഭോക്താക്കള്‍ ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. മരണശേഷവും ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പെന്‍ഷന്‍തുക നിക്ഷേപിക്കപ്പെടുന്ന സാഹചര്യമു ണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവിധ നിര്‍മാണ പ്രവൃത്തികളുടെ നടത്തിപ്പിലേയും രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലേയും അപാകതകള്‍ റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. സോണിയ ഗിരി ചെയര്‍പേഴ്സനും മുഹമ്മദ് അനസ് സെക്രട്ടറിയുമായ കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് ഓഡിറ്റ് ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ വെളളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്തിരുന്നു.