കോണ്‍ക്രീറ്റിടല്‍ വെറുതെയായി; മഴ പെയ്തപ്പോൾ അടച്ച കുഴികളിലെ കോണ്‍ക്രീറ്റും മെറ്റലും ഇളകി
ഇരിങ്ങാലക്കുട: തകര്‍ന്ന റോഡിലെ കുഴികളില്‍ പൊതുമരാമത്ത് വകുപ്പ് താല്കാലികമായി കോണ്‍ക്രീറ്റിട്ട് അടച്ചത് വെറുതെയായി. മഴ ശക്തമായതോടെ താല്കാലികമായി അടച്ച കുഴികളിലെ കോണ്‍ക്രീറ്റും മെറ്റലും ഇളകി. ഇരിങ്ങാലക്കുട ഠാണാവിലും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ ക്രൈസ്റ്റ് ജംഗ്ഷനില്‍ നിന്ന് ഠാണാവിലേക്ക് പോകുന്ന വഴിയിലുമാണ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഠാണാ ജംഗ്ഷനിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിലെ കുഴികള്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ഇരുചക്ര വാഹനങ്ങള്‍ക്കാണ്. പലപ്പോഴും ശ്രദ്ധിക്കാതെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നുമുണ്ട്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കൂര്‍ക്കഞ്ചേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെ കോണ്‍ക്രീറ്റിടല്‍ നടക്കുന്നതിനാല്‍ റോഡ് പുനര്‍നിര്‍മിക്കാതെ താല്കാലികമായി കുഴികളടച്ച് പ്രശ്നം പരിഹരിക്കുകയാണ് അധികൃതര്‍ ചെയ്തത്. എന്നാല്‍ മഴ പെയ്തതോടെ കുഴിയടച്ച ഭാഗങ്ങളില്‍നിന്ന് മെറ്റലും കോണ്‍ക്രീറ്റും പൊളിഞ്ഞുപോകുകയായിരുന്നു. വീണ്ടും കുഴികള്‍ രൂപപ്പെട്ടുവരുകയാണ്. അതിനാല്‍ കുഴികളച്ച് റോഡിലെ അപകടഭീഷണി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.