കുടുംബം ആത്മഹത്യയുടെ വക്കില്‍, പാര്‍ട്ടി ബലിയാടാക്കി; മുന്‍ ഭരണസമിതി സിപിഎം അംഗം മഹേഷ് കൊരമ്പില്‍
ഇരിങ്ങാലക്കുട: പാര്‍ട്ടി തന്നെയും കുടുംബത്തെയും ബലിയാടാക്കിയെന്ന് മുന്‍ ഭരണസമിതിയിലെ സിപിഎം അംഗം മഹേഷ് കൊരമ്പില്‍. എ.സി. മൊയ്തീനും ബിജു കരീമും ബന്ധുക്കളെന്ന് പിന്നീടാണ് അറിഞ്ഞത്. കേസില്‍ പ്രതികളായ ബിജു കരീമിന്റെയും ജില്‍സിന്റെയും ഭാര്യമാരുടെ പേരില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. തട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം നേതാക്കള്‍ തന്നെയാണ്.
പ്രാദേശിക നേതാക്കളില്‍ മാത്രമൊതുക്കിയ ക്രൈംബ്രാഞ്ച് അന്വേഷണം ഇഡിയുടെ അന്വേഷണത്തിലാണ് ഉന്നതരിലേക്കെത്തിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ആസൂത്രിത തട്ടിപ്പാണ്. ബാങ്ക് പ്രസിഡന്റിന്റെ കള്ള ഒപ്പിട്ട് സെക്രട്ടറി വായ്പ അനുവദിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. കുടിശിക പിരിക്കാന്‍ പോയ ഭരണസമിതിയംഗത്തെ 50 ലക്ഷം വായ്പ എടുത്ത സജി വര്‍ഗീസ് പൂട്ടിയിട്ടിട്ടും സിപിഎം മൗനം പാലിക്കുകയായിരുന്നുവെന്ന് മഹേഷ് പറഞ്ഞു.
വന്‍ സ്രാവുകളെ രക്ഷിക്കാന്‍ വേണ്ടിയാണ് തങ്ങളെ കുടുക്കിയത്. പാര്‍ട്ടി നശിക്കാതിരിക്കാനാണ് ഇത്രയുംനാള്‍ മിണ്ടാതിരുന്നത്. ഭാര്യ അമ്പിളി മഹേഷ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുമ്പോഴാണ് ജില്ലാ സെക്രട്ടറിയെ കാണാന്‍ പോയത്. രാവിലെ ഒമ്പതു മണിക്ക് പാര്‍ട്ടി ഓഫീസില്‍ എത്തിയെങ്കിലും കരുവന്നൂര്‍ ബാങ്കിലെ വിഷയമാണ് സംസാരിക്കാന്‍ എത്തിയതെന്ന് പറഞ്ഞതോടെ സെക്രട്ടറിയെ കാണാനായത് വൈകീട്ട് അഞ്ചിനാണ്- മഹേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎം നേതൃത്വത്തിനെതിരെ പ്രതികരിച്ച മുന്‍ വനിത ഭരണ സമിതിയംഗമായ അമ്പിളി മഹേഷിന്റെ ഭര്‍ത്താവാണ് മഹേഷ് കൊരമ്പില്‍. 2012 മുതല്‍ 2016 വരെ കരുവന്നൂര്‍ ബാങ്കിലെ സിപിഎം പ്രതിനിധിയായ ഭരണസമിതിയംഗമാണ്. ഇവരുടെ മകളുടെ വിവാഹ ചടങ്ങില്‍ മന്ത്രി ഡോ.ആര്. ബിന്ദു പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.
കള്ളപ്പണം വെളുപ്പിച്ചവരെക്കുറിച്ചു അന്വേഷണം; കമ്മീഷന് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധന
ഭൂമിയുടെ മതിപ്പുവില കൂട്ടിക്കാണിച്ച് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വന്‍ തുകകള്‍ വായ്പയായി നല്കിയ ഇടപാടുകള്‍ ഓരോന്നും ഇഡി വിശദമായി പരിശോധിക്കുന്നു. സിപിഎം നേതാക്കളുടെ ശിപാര്‍ശയിലാണ് ഇത്തരം ഇടപാടുകള്‍ നടന്നിട്ടുള്ളത്. ചട്ടം ലംഘിചച് വായ്പ അനുവദിച്ചതില്‍ കമ്മീഷനായി പണം സിപിഎം നേതാക്കള്‍ക്കു ലഭിച്ചിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഭൂമിയുടെ മതിപ്പു വിലയേക്കാള്‍ കൂടുതല്‍ വായ്പ നല്കിയ ഒട്ടേറെ ഇടപാടുകള്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ട്.
മറ്റു ബാങ്കുകളില്‍ വായ്പ മുടങ്ങി ജപ്തി നേരിടുന്ന സ്ഥല ഉടമകളെ കണ്ട് ആ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കും. കുടിശിക അടച്ച് ആധാരം നേരെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഭൂ ഉടമയുടെ പേരില്‍തന്നെ പണയപ്പെടുത്തും. പിന്നെ വലിയ തുക വായ്പയായി എടുക്കും. ഇതില്‍ വലിയൊരു തുക ഇടനിലക്കാര്‍ കൈക്കലാക്കും. കുറച്ച് തുക ഭൂവുടമയ്ക്കു നല്‍കും. ജപ്തി ഒഴിവാകുമെന്ന ആശ്വാസത്തിലാകും ഭൂവുടമ. മറുവശത്താകട്ടെ ഭൂവുടമയുടെ ബാധ്യത കൂടും.
ഭൂമിയുടെ മതിപ്പുവില വന്‍തോതില്‍ കൂട്ടിക്കാണിച്ച് വലിയ തുകയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനുവദിച്ചത്. ഇടനിലക്കാര്‍ സിപിഎം നേതാക്കളുടെ അടുപ്പക്കാരുമാണ്. ഇഡി അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒട്ടേറെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടുനിരോധനക്കാലത്ത് കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
19 വര്‍ഷം മുമ്പത്തെ പരാതി സിപിഎം അവഗണിച്ചു
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പു സംബന്ധിച്ചു സിപിഎമ്മിന് 2003ല്‍ത്തന്നെ സൂചന ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ബാങ്ക് ജീവനക്കാരനായിരുന്ന എം.വി. സുരേഷ്. ഇതു തട്ടിപ്പുകാര്‍ക്കു വളമാകുകയും 17 വര്‍ഷം കൊണ്ട് 300 കോടിയുടെ വായ്പത്തട്ടിപ്പായി മാറുകയും ചെയ്തു.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായിരുന്ന എം.വി. സുരേഷാണ് അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് ബാങ്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. റബ്കോ ഉല്പന്നങ്ങളുടെ വില്പന അന്നു ബാങ്ക് നേരിട്ടു നടത്തിയിരുന്നു. ഇതിനു 12 ശതമാനം കമ്മീഷന് ലഭിക്കുമ്പോള്‍ ബാങ്കില്‍ കാണിച്ചിരുന്നത് നാലു ശതമാനം ആണെന്നാണ്. ബാക്കി തുക പാര്‍ട്ടിക്കു വേണ്ടപ്പെട്ട ചിലരുടെ കൈയിലേക്കു പോകുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതേ തുടർന്ന് അന്വേഷണ കമ്മീഷനെ വച്ചെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തുകയും സുരേഷിനെ ഒറ്റപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ സിപിഎം പുറത്താക്കിയപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോഴും കരുവന്നൂരിലെ ബാങ്ക് തട്ടിപ്പിനെതിരെ നിയമപോരാട്ടം സുരേഷ് തുടരുന്നുണ്ട്.
സിപിഎം നേതാവിന്റെ 4.50 കോടിയുടെ ബാധ്യത ഏറ്റുവാങ്ങി, മറ്റൊരു സഹകരണ ബാങ്കും സംശയ നിഴലില്‍
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നേതാവിന്റെ വകയായി കുടിശിക കിടന്നിരുന്ന നാലരക്കോടിയുടെ ബെനാമി വായ്പ ഏറ്റെടുക്കാന്‍ മറ്റൊരു സഹകരണ ബാങ്ക് കാണിച്ച വിശാല മനസ്കതയില്‍ അന്വേഷണം വരുന്നു.
ഒരു വ്യവസായിയുടെ ഭൂമി ഈടുവച്ചു നേതാവെടുത്ത വായ്പയുടെ ബാധ്യത സമീപ മേഖലയിലെ മറ്റൊരു ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഇതു സിപിഎം ഭരണസമിതിക്കു കീഴിലുള്ള ബാങ്കാണ്. ഇതു സംബന്ധിച്ചു ബിജെപി പ്രാദേശിക നേതൃത്വം സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണ്.
സിപിഎം മേഖലാ ഘടകത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന വ്യക്തിക്കെതിരെയാണ് ആരോപണങ്ങള്‍. പലിശ സഹിതം ബാധ്യത നാലരക്കോടിയായി ഉയര്‍ന്നു. ഇതിനിടെ കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ നേതാവ് പ്രതിസന്ധിയിലായി. ബെനാമി വായ്പയുടെ വിവരങ്ങളും പുറത്തുവന്നേക്കുമെന്നു ഭയന്ന നേതാവ് സമീപ മേഖലയിലെ മറ്റൊരു ബാങ്കിലേക്കു ബാധ്യത കൈമാറുകയായിരന്നു. ഈ ബാങ്കില്‍ നേതാവിനു നേരത്തെ തന്നെ 50 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.
കരുവന്നൂര്‍ ബാങ്കിനൊപ്പം ഈ സഹകരണ ബാങ്കും പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. കിട്ടാക്കടങ്ങള്‍ പെരുകിയതുമൂലം ഈ ബാങ്കിലും വായ്പകള്‍ നല്കുന്നതു നിര്‍ത്തിവച്ചിരുന്നു. കരുവന്നൂര്‍ പോലെ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഈ ബാങ്ക് ഭരിക്കുന്നതും സിപിഎമ്മാണ്. ഈ ബാങ്കിലേക്ക് അന്വേഷണം നീളുമെന്ന സൂചനകളുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് സിപിഐ ബോര്‍ഡംഗങ്ങള്‍
ക്രൈംബ്രാഞ്ച് അന്വഷണവും സഹകര വകുപ്പിന്റെ അന്വേഷണങ്ങളും ഉന്നതരെ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രം
ഇഡി അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം വരുകയാണെങ്കില്‍ സന്തോഷമുണ്ടന്നും സിപി ഐ അംഗങ്ങള്‍. സിപിഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെയും സഹകര വകുപ്പിന്റെയും അന്വേഷണങ്ങള്‍ ഉന്നതരെ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രം.
വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെയാണ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ ഭരണസമിതി കണ്ടിട്ടില്ല. അതെല്ലാം രഹസ്യമായിട്ടാണ് പാസാക്കിയിരുന്നത്. കള്ളലോണുകളുടെ അപേക്ഷകള്‍ യോഗത്തില്‍ അറിയിക്കില്ല, ബാങ്കില്‍ പോകുമ്പാള്‍ കുറേ കടലാസ് കാണിച്ച് വേഗം ഒപ്പിടാന്‍ സെക്രട്ടറി പറയും. കുറേ ലോണ്‍ പാസാക്കാന്‍ ഉണ്ടെന്ന കാരണമാണ് പറയുക. കടലാസ് ഒന്ന് മറിച്ചുനോക്കിയാല്‍ അതില്‍ ഒന്നുമില്ല വേഗം ഒപ്പിടൂ എന്നാണ് സെക്രട്ടറി പറയാറുള്ളത്. ഇത് ബാങ്കിന്റെ കീഴ്വഴക്കമാണ്.
കടലാസില്‍ കൂറേ സ്പേസ് ഉണ്ടാകും അത് എന്തിനാണെന്ന് സെക്രട്ടറിയോട് ചോദിച്ചാല്‍ ഒരു അടിയന്തര ലോണ്‍ ആവശ്യം വന്നാല്‍ നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാതെ അത്തരം ലോണുകള്‍ എഴുതി ചേര്‍ക്കാനാണെന്ന് മറുപടി പറയുമെന്നും പറഞ്ഞു. എനിക്കാണ് അധികാരം ബാങ്കിന്റെ അധികാരം, പാര്‍ട്ടി നേതൃത്വത്തിലുള്ള വ്യക്തിയാണ് എന്നോട് കളിച്ചാല്‍ വഴിയില്‍ കൂടി നടക്കാന്‍ കഴിയില്ല എന്നു പറഞ്ഞു സുനില്‍കുമാര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവര്‍ പറഞ്ഞു.
യോഗത്തില്‍ അംഗങ്ങള്‍ക്കു തരാറില്ല, മിനിറ്റ് വായിക്കില്ല. എന്താണ് എഴുതി ചേര്‍ത്തതെന്നു പോലും നോക്കാന്‍ സമ്മതിക്കാറില്ല. ബാങ്ക് സെക്രട്ടറി സുനില്‍ കുമാര്‍, ബിജു കരിം എന്നിവര്‍ക്ക് എല്ലാം അറിയാമായിരുന്നു. ശരിക്കും ഭരണസമിതി അംഗങ്ങളെ ചതിക്കുകയായിരുന്നുവെന്നു ഇവര്‍ പറഞ്ഞു. ഇപ്പോഴത്തെ ഇഡി അന്വേഷണത്തിലാണ് കാര്യങ്ങള്‍ പുറംലോകമറിയുന്നത്.
പരാതി ലഭിച്ചീട്ടും സിപിഎം കണ്ണടച്ചിരുന്നത് 10 വര്‍ഷം
കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ള അറിഞ്ഞിട്ടും സിപിഎം 10 വര്‍ഷത്തോളം അതു മൂടിവയ്ക്കുകയായിരുന്നു. കൊള്ളയ്ക്കു നേതൃത്വം നല്‍കുന്നവര്‍ക്കു വലിയ സഹായമായത് ഈ നിലപാടുതന്നെ. 2011 ലാണ്, പാര്‍ട്ടി ജില്ലാ നേതൃത്വത്തിനു കരുവന്നൂര്‍ ബാങ്കില്‍ വന്‍ തിരിമറി നടക്കുന്നുവെന്നു പാര്‍ട്ി ഏരിയ കമ്മിറ്റി അംഗമായ സി.കെ.സുരേഷ് പരാതി നല്‍കുന്നത്.
ആ സമയത്തു കരുവന്നൂര്‍ ബാങ്കിന്റെ ചുമതലക്കാരായി പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍നിന്ന് ആരുമില്ലായിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് ഏരിയ സെക്രട്ടറിയായ ഉല്ലാസ് കളക്കാട്ടിലിനെയും കാട്ടൂര്‍ ലോക്കല്‍ സെക്രട്ടറിയായ രാമചന്ദ്രനെയും പാര്‍ട്ടി അന്വേഷണത്തിനായി ചുമതലപ്പെടുത്തി. വായ്പകളിലെ തട്ടിപ്പ് അന്നു തുടങ്ങിയിട്ടില്ല. റബ്കോയുടെ ഏജന്‍സിയുമായി ബന്ധപ്പെട്ടുള്ള തിരിമറിയാണു സുരേഷ് പാര്‍ട്ടിക്കു പരാതിയായി നല്‍കിയത്. അന്വേഷണ കമ്മിഷന് അപാകതകള്‍ കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് ബേബി ജോണിനു പകരം എ.സി.മൊയ്തീന് ജില്ലാ സെക്രട്ടറിയായി. പരാതിയുടെ കാര്യം സുരേഷ് വീണ്ടും ഓര്‍മിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
2015 ലെ ചാവക്കാട് സമ്മേളനത്തോടെ വി.എസ്.അച്യുതാനന്ദന് പക്ഷത്തുനിന്നു നേതാക്കള്‍ കൂട്ടത്തോടെ പിണറായി പക്ഷത്തേക്കുമാറി. അതോടെ വിഎസിന്റെ ശക്തനായ വക്താവായിരുന്ന സി.കെ.ചന്ദ്രന് പിണറായിപക്ഷത്തിന്റെ സഹായത്തോടെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റിലെത്തി. തുടര്‍ന്നു കരുവന്നൂര്‍ ബാങ്കിന്റെ പാര്‍ട്ടി ചുമതലക്കാരനായി. 2006 ല്‍ ഇരിങ്ങാലക്കുടയില്‍ മത്സരച്ചു തോറ്റയാളാണു സി.കെ.ചന്ദ്രന്. സുരേഷ് നല്കിയ പരാതിയില്‍ അദ്ദേഹം ഉറച്ചുനിന്നതോടെ വീണ്ടും പരാതി ഉയര്‍ന്നുവന്നു. കരുവന്നൂര്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നു ഉറപ്പായതോടെ പരാതി നല്കിയ സി.കെ.സുരേഷിനെ 2017ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
കരുവന്നൂരിനെക്കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ടില്‍ ബാങ്കില്‍ തിരിമറി നടക്കുന്നുവെന്ന ശക്തമായ സൂചനയുണ്ടായിരിക്കെയാണു പരാതിക്കാരനെ പുറത്താക്കിയത്. കരുവന്നൂരിലെ അഴിമതി രൂക്ഷമായതോടെ 2019ല്‍ വീണ്ടും അന്വേഷണ കമ്മിഷനെ വച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി.കെ.ബിജുവും തൃശൂര്‍ ഏരിയ സെക്രട്ടറി പി.കെ.ഷാജനുമാണ് അന്വേഷിച്ചത്. ഇവര്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്കി. പക്ഷേ ഈ റിപ്പോര്‍ട്ടും പാര്‍ട്ടി ജില്ലാ നേതൃത്വം ഗൗരവത്തോടെ പരിഗണിച്ചില്ല.