മോട്ടോറുണ്ട്, ഉപയോഗിക്കാന്‍ വിലക്ക് കാറളം പഞ്ചായത്ത് ഓഫീസില്‍ കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം നടത്തി
കാറളം : ജില്ലാ പഞ്ചായത്ത് അനുവദിച്ച മോട്ടോര്‍ സ്ഥാപിച്ചെങ്കിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ കൃഷി വൈകുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കാറളം പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പു സമരം നടത്തി. കാറളം ചെങ്ങാനിപ്പാടം കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലാണു സമരം നടത്തിയത്. കാറളം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി 53 ഏക്കറിലുള്ള പാടശേഖരമാണ് ചെങ്ങാനിപ്പാടം. രണ്ടു പതിറ്റാണ്ടിലേറെ തരിശുകിടന്ന ഇവിടെ അഞ്ചുവര്‍ഷം മുമ്പാണ് കൃഷി പുനരാരംഭിച്ചത്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ സ്ഥലത്തും കൃഷിയൊരുക്കി. 70 കര്‍ഷകരാണു കൃഷി ചെയ്യുന്നത്. കര്‍ഷകരുടെ അഭ്യര്‍ഥന മാനിച്ച് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം 20 എച്ച്പിയുടെ ഒരു വെര്‍ട്ടിക്കല്‍ പമ്പ്സെറ്റ് അനുവദിച്ചിരുന്നു. ഇത് ആലുക്കക്കടവ്-പള്ളം റോഡിലെ പാലത്തിനു താഴെ ബണ്ടിനോടുചേര്ന്ന് പാനല്‍ ബോര്‍ഡ് സ്ഥാപിച്ചെങ്കിലും സമീപവാസികള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് മോട്ടോര്‍ ഉപയോഗിക്കുന്നത് തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ക്കു കര്‍ഷകര്‍ നല്കിയ പരാതിയില്‍ പമ്പുസെറ്റ് എത്രയുംവേഗം സ്ഥാപിച്ച് കൃഷിയൊരുക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 13ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ ഉത്തരവ് നല്കി. പമ്പ്സെറ്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കാത്തതിനാല്‍ കൃഷിയിറക്കാന്‍ കഴിയുന്നില്ലെന്നു കര്‍ഷകസംഘം പ്രസിഡന്റ് കെ.ബി. ഷമീര്‍ പറഞ്ഞു. സമീപ പാടശേഖരങ്ങളിലെല്ലാം കൃഷിയിറക്കിക്കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കൃഷിയിറക്കിയില്ലെങ്കില്‍ ബുദ്ധിമുട്ടാകും. അടിയന്തരമായി നടപടിയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകസംഘം സെക്രട്ടറി കെ. സോമന്, ട്രഷറര്‍ ടി.കെ. ടൈറ്റസ്, മറ്റ് ഭാരവാഹികളായ രാമചന്ദ്രന് പണിക്കപ്പറമ്പില്‍, പി.കെ. സലീഷ്, എ.വി. പ്രതാപന്, പദ്മനാഭന്, പി.കെ. സതി, ഡേവീസ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.