മാടായിക്കോണം കടങ്ങാട് പാടശേഖരത്തിലെ മോട്ടോറിന്റെ കേബിളുകള്‍ കവര്‍ന്നു
ഇരിങ്ങാലക്കുട: മാടായിക്കോണം കടങ്ങാട് പാടശേഖരത്തിലെ വെള്ളം വറ്റിക്കാന്‍ സ്ഥാപിച്ചിട്ടുള്ള 50 എച്ച്പി മോട്ടോറിന്റെ കേബിളുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എത്തിയ ഡ്രൈവറാണ് മോട്ടോറിന്റെ ഗ്രില്ലും പൂട്ടും തകര്‍ത്തനിലയില്‍ കണ്ടത്. 20 മീറ്റര്‍ നീളമുള്ള രണ്ട് കേബിളുകളാണ് നഷ്ടപ്പെട്ടത്. 1.75ലക്ഷം രൂപ വിലയുള്ള കേബിളുകളാണിത്. കഴിഞ്ഞ 30 വര്‍ഷമായി തുടര്‍ച്ചയായി കൃഷിയിറക്കുന്ന കടങ്ങാട് കോള്‍ കര്‍ഷകസമിതിയുടെ കീഴില്‍ 96 എക്കറുകളിലായി 76 കര്‍ഷകരാണുള്ളത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കനത്ത മഴയെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം വറ്റിക്കുകയായിരുന്നുവെന്ന് കടങ്ങാട് കോള്‍ കര്‍ഷകസമിതി സെക്രട്ടറി സി.ഡി. ജോസ് പറഞ്ഞു. ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് മാപ്രാണം സെന്ററിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് മാടായിക്കോണത്ത് കവര്‍ച്ച നടന്നത്.