തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ദ്വിദിന അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്ഘാടനം ഡോ. ഉല്റികെ ഗുലിക് നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര വിഷയത്തില്‍ ആദ്യ അന്താരാഷ്ട്ര സെമിനാറിന് തുടക്കംക്കുറിച്ച് കോണ്‍ഫറന്‍സ്. തൃശൂര്‍ സെയ്ന്റ് തോമസ് കോളജും സെയ്ന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണിത് നടത്തുന്നത്. ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് മോണിറ്ററിന്റെ (ജെം) ലീഡറും പ്രശസ്ത ഗവേഷകയും യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. ഉല്റികെ ഗൂലിക് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് സംരംഭകത്വ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഇന്നൊവേറ്റേഴ്സ്: ഫോസ്റ്ററിംഗ് ഓണ്‍ട്രപ്രണേറിയല്‍ മൈന്‍ഡ്സെറ്റ് ഇന്‍ ഹയര്‍ എജ്യുക്കേഷന്‍ എന്ന പ്രബന്ധം അവതരിപ്പിച്ച് അവര്‍ മുഖ്യപ്രഭാഷണം നടത്തി.
സെയ്ന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ഡോ. ബര്ണഡിക്ട് ഡബ്ല്യു മലുങ്ക, ഡോ. വിന്നറസ് നിത്യാനന്ദം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തരണനെല്ലൂര്‍ കോളജ് മാനേജര്‍ ജാതവേദന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പോള്‍ ജോസ് പി. തൃശൂര്‍ സെയ്ന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. മാര്ട്ടിന് കൊളമ്പ്രത്ത്, നമ്പൂതിരീസ് ബി.എഡ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹരിനാരായണന് എന്നിവര്‍ പ്രസംഗിച്ചു.