മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം; ഒന്നാം പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മൂര്‍ക്കനാട് കറുത്തുപറമ്പില്‍ മോഹന്‍ദാസ് മകന് അഭിനന്ദ് (26 ) നെ റൂറല്‍ പോലീസ് എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി കുഞ്ഞുമൊയ്തീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ മൂര്‍ക്കനാട് ശിവക്ഷേത്ര ഉല്‍സവത്തിന്റെ ആറാട്ടിനിടയില്‍ മുന്വൈരാഗ്യങ്ങളുടെ പേരില്‍ നടന്ന കത്തിക്കുത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം കൗമാരകാരനടക്കം പതിമൂന്നായി. സംഭവത്തില്‍ പതിനേഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തിരുന്നത്. സംഭവത്തിന് ശേഷം ഒന്നാം പ്രതി അഭിനന്ദ് ബാംഗ്ളൂര്‍, സേലം എന്നിവടങ്ങളില്‍ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മൂര്‍ക്കനാട് നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയത്. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ കനാല്‍ ബേയ്സില്‍ വിയന് കൊലപാതകമടക്കം ആറോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പ്രതിയെ സംഭവ സ്ഥലത്തും കുത്താനുപയോഗിച്ച കത്തി ഒളിപ്പിച്ചു വച്ച കരുവന്നൂര്‍ പുഴയോരത്തുള്ള ചൂണ്ടകടവിലും കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി.
ചൂണ്ടകടവില് നിന്നും കത്തി കണ്ടെടുത്തു. ചുമ്മാമ്പു തെറിച്ച സംഭവത്തില്‍ കനാല്‍ ബേയ്സില്‍ താമസിക്കുന്ന വിജയനെ കൊലപെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതിയാണ്. കോടതിയില്‍ നിന്നും അപ്പീല്‍ ജാമ്യം എടുത്താണ് പുറത്തിറങ്ങിയത്. ഇരട്ട കൊലപാതകത്തില്‍ അഭിനന്ദിന്റെ സഹോദരനടക്കം നാല് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. സിഐ മനോജ് ഗോപി, എസ് ഐ അജാസുദ്ദീന്, ഉദ്യോഗസ്ഥരായ ജയകൃഷ്ണന്, സൂരജ് ദേവ്, സജിപാല്‍, ഉമേഷ്, സുധാകരന്, വിപിന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കത്തിക്കുത്തില്‍ തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവസ്ഥലത്തുവച്ചും ആനന്ദപുരം പൊന്നയത്ത് സന്തോഷ് (40) ചികിത്സയിലായിരിക്കെയുമാണ് മരണമടഞ്ഞത്. അഞ്ചു പേര് ഇപ്പോഴും ചികിത്സയിലാണ്.