കരൂപ്പടന്ന കടലായി റോഡിലെ തെക്കുംകര കാപ്പ് ബണ്ട് ഉപ്പുവെള്ളഭീഷണി തടയാന്‍; വേണ്ടത് സ്ഥിരം സംവിധാനം വേണം
കരൂപ്പടന്ന: കനോലി കനാല്‍ വഴി പഞ്ചായത്തിലെ ജലസ്രോതസുകളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സ്ഥിരം സ്ലൂയിസുകള്‍ നിര്മിക്കണമെന്നാവശ്യം ശക്തമായി. ഉപ്പുവെള്ളം കയറുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താത്കാലിക ബണ്ട് നിര്‍മിക്കുകയാണ് എല്ലാ വര്‍ഷവും ചെയ്യുന്നത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന് വലിയ തുകയാണ് ഈ ഇനത്തില്‍ മാറ്റിവയ്ക്കേണ്ടി വരുന്നത്.
പലപ്പോഴും കാലാവസ്ഥയിലെ മാറ്റങ്ങള്‍ പ്രതിസന്ധി ഉണ്ടാക്കുന്നു. ബണ്ടുകെട്ടിയതിന് ശേഷം മഴ ശക്തമായാല്‍ വീടുകളിലേക്ക് വെള്ളം കയറുന്ന പ്രദേശങ്ങളുണ്ട്. അടിയന്തിരമായി ബണ്ട് പൊളിക്കേണ്ടിവരും. ഉപ്പുവെള്ള ഭീഷണി മൂലം ബണ്ട് കെട്ടേണ്ട അവസ്ഥയുമുണ്ട്. ഇത് പഞ്ചായത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നു. ഉപ്പുവെള്ളം കയറുന്ന സ്ഥിതി ഉണ്ടായാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും കിണറുകളിലെ ശുദ്ധജല ലഭ്യതയെയും ബാധിക്കും.
കെട്ടുച്ചിറ ഷട്ടര്‍, ഭിത്തി, കരൂപ്പടന്ന മത്സ്യകാപ്പ് ബണ്ടിലെ ചോര്‍ച്ചയെല്ലാം പരിഹരിച്ച് സ്ലൂയിസുകള്‍ സ്ഥാപിച്ചാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കാം. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഉപ്പുവെള്ളം കയറുന്ന ചീപ്പുചിറ, കൂട്ടാല, പൂവത്തുംകടവ്, പുഞ്ചപ്പാടം എന്നിവിടങ്ങളില്‍ സ്ലൂയിസുകള്ക്കായി ബജറ്റില്‍ 15 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടി ആയിട്ടില്ല.
വെള്ളാങ്ങല്ലൂര്‍ പടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലെ കെട്ടുചിറയിലെ പദ്ധതിയും വൈകുന്ന സ്ഥിതിയാണ്. കരൂപ്പടന്ന പുഴയില്‍നിന്ന് ഉപ്പുവെള്ളം കയറി പ്രദേശത്തെ കിണറുകളിലെ ജലം മലിനമാകാതിരിക്കാനാണ് തെക്കുംകര കാപ്പ് ബണ്ട് കെട്ടി സംരക്ഷിക്കുന്നത്.
ഇത് കൃത്യമായി നടക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളങ്ങല്ലൂര്‍ പഞ്ചായത്ത് ഉപഭോക്തൃസംരക്ഷണ സമിതി ഓംബുഡ്സ്മാനും ഹൈക്കോടതിയിലും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 21ന് തെ്കുംകര കാപ്പ് ബണ്ട് കെട്ടി സംരക്ഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ഓംബുഡ്സ്മാന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് അധികൃതര്‍ ബണ്ട് കെട്ടിയിരുന്നു.
ബണ്ട് കെട്ടുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ മേല്‍നോട്ടമുണ്ടാകണമെന്നും ബലവത്തായി മാത്രമേ ബണ്ട് കെട്ടാവൂ എന്നും ഉത്തരവില്‍ നിദേശിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ബണ്ട് കെട്ടണമെന്നും കാലവര്‍ഷം തുടങ്ങി പത്തുദിവസം കഴിഞ്ഞു മാത്രമേ ബണ്ട് നീക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. ബണ്ട് പൊട്ടിക്കുന്നതിനു മുമ്പായി കൃഷി ഓഫീസറുടെ പക്കല്‍നിന്ന് അനുവാദം വാങ്ങണമെന്നും സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ബണ്ട് കെട്ടി സംരക്ഷിക്കുന്ന കാര്യത്തില്‍ കൃഷിക്കാരും തദ്ദേശവാസികളും അടങ്ങിയ ഗുണഭോക്തൃസമിതിയെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.