ഉന്നത വിദ്യാഭ്യാസ രംഗത്ത് നാല് വര്‍ഷത്തിനുള്ളില്‍ വിന്യസിച്ചിരിക്കുന്നത് ആറായിരം കോടി രൂപയെന്ന് മന്ത്രി ഡോ ആര് ബിന്ദു
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത് ആറായിരം കോടി രൂപയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു. കേന്ദ്രസര്‍ക്കാരിന്റെ ഇക്കണോമിക്ക് റിവ്യൂ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പ്രോ ഗ്രാമുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തുന്ന പരിശീലന ക്ലാസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കലാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവിധ ഏജന്‍സികളില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നുമായി 1500 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.
ഭൗതിക വികസനത്തോടൊപ്പം അക്കാദമിക് ഉള്ളടക്കത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പഠനക്കാലത്ത് തന്നെ തൊഴില്‍ ആഭിമുഖ്യം വളര്‍ത്തിയെടുക്കാനും ഗവേഷണ തല്‍പ്പരരായ വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള സാഹചര്യങ്ങള്‍ രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണ് നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക് സയന്‍സിന്റെയും കാലത്ത് ഉയരുന്ന വെല്ലുവിളികള്‍ നേരിടാനും വിജ്ഞാധിഷ്ഠിത തൊഴിലുകള്‍ നേടാനും വിദ്യാര്‍ഥികളെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് നാലു വര്‍ഷത്തെ ബിരുദ കോഴ്സ് അനിവാര്യമാണ്. രാജ്യത്തെ കോളേജുകളുടെ ഗുണമേന്മ നിര്‍ണ്ണയിക്കുന്ന നിര്‍ഫ് റാങ്കിംഗില്‍ ആദ്യത്തെ ഇരുനൂറ് കോളേജുകളില്‍ 42 എണ്ണവും കേരളത്തില്‍ നിന്നാണെന്നുള്ളത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി രാജന് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ.ബ്ലെസ്സി, ഡോ.സി എല്‍ ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഎസ്എച്ച്ഇസി റിസേര്‍ച്ച് ഓഫീസര്‍ ഡോ കെ സുധീന്ദ്രന്‍ സ്വാഗതവും ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ ബിനു ടി വി നന്ദിയും പറഞ്ഞു.