കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടം തുടങ്ങി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടം തുടങ്ങി. കുലശേഖരവര്‍മന്‍ രചിച്ച പാരമ്പര്യ ആട്ടപ്രകാരത്തോടുകൂടിയ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തില്‍ ധനഞ്ജയന്റെ പുറപ്പാട് എന്ന ഭാഗം അരങ്ങേറി. തീര്‍ഥയാത്ര നടത്തി ഭാരതവര്‍ഷം മുഴുവന്‍ സഞ്ചരിച്ച അര്ജ്ജുനന് ദ്വാരകയില്‍ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് സുഭദ്രയെ വിവാഹം ചെയ്യാനുള്ള അനുവാദം വാങ്ങുന്നതാണ് കഥാ സന്ദര്‍ഭം. അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അര്‍ജുനനായി രംഗത്ത് വന്നു. പി.കെ. ഹരീഷ് നമ്പ്യാരും നേപത്ഥ്യ ജിനേഷ് നമ്പ്യാരും മിഴാവിലും ഇന്ദിര നങ്ങ്യാരും ദേവി നങ്ങ്യാരും താളവുമായി. കലാമണ്ഡലം സതീശന് ചുട്ടി, അജയന് മാരാര്‍ ഇടയ്ക്ക വായിച്ചു.