വേനല്‍ കനത്തു എന്നിട്ടും താണിശേരി, ഹരിപുരം മേഖലയില്‍ വെള്ളക്കെട്ട്
![](https://irinjalakuda.news/wp-content/uploads/2025/02/SLUIES-KARALAM-1024x507.jpg)
താണിശേരി ഹരിപുരം ബണ്ടില്‍ കെഎല്‍ഡിസി കനാലിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്ലൂയിസ് തകര്‍ന്ന് വെള്ളം തോട്ടിലേക്ക് ഒഴുകുന്നു.
സ്ലൂയിസ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണം, കര്‍ഷകര്‍
ഇരിങ്ങാലക്കുട: വേനല്‍ കനത്തിട്ടും താണിശേരി, ഹരിപുരം മേഖലയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം. കെഎല്‍ഡിസി കനാലിലെ സ്ലൂയിസിന്റെ അപാകതകളാണ് ഇതിനുകാരണം. വെള്ളക്കെട്ട് നിലനില്‍ക്കുന്നതിനാല്‍ പാടശേഖരങ്ങളിലെ കൃഷി താളംതെറ്റിയ നിലയിലാണ്. താണിശേരിപാലം മുതല്‍ കോതറ പാലംവരെ കെഎല്‍ഡിസി കനാലില്‍ 11 ഓളം സ്ലൂയിസുകളുണ്ട്. വേനല്‍കാലത്ത് ആവശ്യത്തിന് പാടശേഖരത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനാണ് സ്ലൂയിസുകള്‍ സ്ഥാപിച്ചത്.
എന്നാല്‍ ഈ സ്ലൂയിസുകള്‍ക്ക് ഉയരംകുറവായതിനാല്‍ കനാലിലെ വെള്ളത്തിന്റെ മര്‍ദംമൂലം സ്ലൂയിസ് വഴി തോടുകളിലേക്ക് വെള്ളംഒഴുകുകയാണ്. രണ്ടുവര്‍ഷംമുമ്പാണ് ഇത്തരം സ്ലൂയിസുകള്‍ സ്ഥാപിച്ചത്. 30 വര്‍ഷംമുമ്പ് നിര്‍മിച്ച ബണ്ടുകളില്‍ കനാലില്‍നിന്നു വെള്ളം പുറത്തേക്കൊഴുകുവാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ആവശ്യാനുസരണം അടയ്ക്കാനും തുറയ്ക്കാനും കര്‍ഷകര്‍ക്ക് സാധിക്കുമായിരുന്നു. പൈപ്പുകള്‍വഴി വെള്ളം തോടുകളിലേക്ക് വരാതിരിക്കുവാന്‍ ചാക്കുകള്‍വച്ച് അടയ്ക്കുകയായിരുന്നു പതിവ്.
എന്നാല്‍ രണ്ടുവര്‍ഷംമുമ്പ് ഇറിഗേഷന്‍ അധികൃതര്‍ സ്ലൂയിസ് നിര്‍മിച്ചതോടെ ഇതെല്ലാം താളംതെറ്റി. സ്ലൂയിസ് നിര്‍മിച്ച് പലകകള്‍ വച്ച് അടയ്ക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ പലകകള്‍ പലയിടത്തും തകര്‍ന്നനിലയിലാണ്. അതിനാല്‍ ഇതിലൂടെ വെള്ളം തോട്ടിലേക്ക് ഒഴുകിവരികയാണ്. ഹരിപുരം പാലത്തിനു കിഴക്കുവശത്തെ സ്ലൂയിസുകള്‍ വെള്ളത്തിനടിയിലാണ്. പാടശേഖരത്തിലെ വെള്ളം മോട്ടോറടിച്ച് വറ്റിച്ചാലും സ്ലൂയിസ് തകരാറിലായതിനാല്‍ വെള്ളം വീണ്ടും പാടശേഖരത്തിലെത്തുന്ന സ്ഥിതിയാണെന്ന് കാട്ടൂര്‍ തെക്കും പാടശേഖരസമിതി സെക്രട്ടറി ജോയ് നടയ്ക്കലാന്‍ പറഞ്ഞു.
കാട്ടൂര്‍ തെക്കും പാടശേഖരം, എടതിരിഞ്ഞി, താണിശേരി എന്നിവിടങ്ങളിലെ 600 ഏക്കര്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷിയെയാണ് ഇത് ഏറെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. കനാലിനുസമീപം താമസിക്കുന്ന 400 വീട്ടുകാരുടെ പറമ്പുകളിലും വെള്ളക്കെട്ടാണ്. തെങ്ങ്, കവുങ്ങ്, മറ്റു പച്ചക്കറി കൃഷികള്‍ എല്ലാം നാശത്തിന്റെ വക്കിലാണ്. സ്ലൂയിസുകള്‍ രണ്ടടിയോളം ഉയരംകൂട്ടി നിര്‍മിച്ചാല്‍ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൂത്തുമാക്കല്‍ ഷട്ടര്‍ അടച്ചുകഴിഞ്ഞാല്‍ വെള്ളം ഇവിടെതന്നെ കെട്ടികിടക്കന്ന അവസ്ഥയാണ. ഇതുസംബന്ധിച്ച് ഇറിഗേഷന്‍ വകുപ്പിന് കര്‍ഷകര്‍ പരാതിനല്‍കിയിട്ടുണ്ട്.
സ്ലൂയിസ് വാല്‍വുകള്‍ അറ്റകുറ്റപണി നടത്തണം, കോണ്‍ഗ്രസ്
താണിശേരി: വെള്ളം നിയന്ത്രിക്കാനായി കെഎല്‍ഡിസി കനാലില്‍ സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാല്‍വുകള്‍ക്ക് മുകളിലൂടെ വെള്ളം കടന്നാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വെള്ളം കെട്ടിനിന്ന് പുല്ല് ചീഞ്ഞ് കിണറുകളിലെ വെള്ളത്തില്‍ കലരുന്നതിനാല്‍ കുടിവെള്ളം മലിനമാകുകയാണ്. ഇതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമാകും. കെഎല്‍ഡിസി കനാലില്‍ കൃഷിസമയത്ത് വെള്ളം ഉയര്‍ന്നഅളവില്‍ വരുമ്പോള്‍ നിലവിലുള്ള സ്ലൂയിസ് വാല്‍വുകള്‍ പര്യാപ്തമല്ലെന്നും ഇവ ഉടനടി അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും താണിശേരി പതിനൊന്നാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഗിരീഷ് അധ്യക്ഷതവഹിച്ചു. യോഗത്തില്‍ എം.എ. നൗഷാദ്, വേണു കോപ്പുള്ളിപറമ്പില്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, ജോയ് നടക്കലാന്, ശശി കല്ലട എന്നിവര്‍ പ്രസംഗിച്ചു.