കുടിവെള്ളക്ഷാമം; മാപ്രാണം ജംഗ്ഷനില്‍ പൈപ്പിടല്‍ ആരംഭിച്ചു

മാപ്രാണം ബ്ലോക്ക് ജംഗ്ഷന് റോഡില്‍ കുടിവെള്ള പൈപ്പിടാന്‍ കെഎസ്ടിപി കുഴിയെടുത്തപ്പോള്‍.
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ കാട്ടുങ്ങച്ചിറ മുതല്‍ കരുവന്നൂര്‍ വരെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മാപ്രാണം ബ്ലോക്ക് ജംഗ്ഷന് മുതല്‍ സെന്റര്‍ വരെ പൈപ്പിടല്‍ തുടങ്ങി. കെഎസ്ടിപി നിയോഗിച്ച ഏജന്‍സിയുടെ നേതൃത്വത്തിലാണ് പൈപ്പിടുന്നത്. ഇതിനാവശ്യമായ പൈപ്പ് സ്ഥലത്തെത്തിച്ച് റോഡരികില്‍ കുഴിയെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ 50 വര്‍ഷം മുമ്പ് വാട്ടര്‍ അഥോറിറ്റി സ്ഥാപിച്ച പഴയ പൈപ്പ് ലൈന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതുകണ്ടെത്തി അതിലേക്ക് പുതിയ ലൈന്‍ ബന്ധിപ്പിച്ചാല്‍ മാത്രമെ വടക്ക് കരുവന്നൂര്‍ പ്രദേശത്തേക്കും തെക്ക് കാട്ടുങ്ങച്ചിറ ഭാഗത്തേക്കും കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ. രാത്രിയിലാണ് പണി നടക്കുന്നത്. 40 ദിവസത്തിലേറെയായി കരുവന്നൂര്‍ മേഖലയിലും കാട്ടുങ്ങച്ചിറ വരെയുള്ള പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെഎസ്ടിപി പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടുത്ത തിങ്കളാഴ്ചയോടെ പണികള്‍ കുടിവെള്ള വിതരണം പൂര്‍വ്വ സഥിതിയിലാക്കുവാന് സാധിക്കുമെന്നാണ് പ്രതീക്ഷ.