ദേ പണിതു… ദാ പൊളിക്കുന്നു….

മാപ്രാണം നന്തിക്കര റോഡില്‍ നടുവിലാലിനു ചുറ്റുമുള്ള അശാസ്ത്രീയ നിര്‍മാണം പൊളിച്ചു നീക്കുന്നു.
മാപ്രാണം നന്തിക്കര റോഡിലെ കോന്തിപുലം നടുവിലാലില്‍ നിര്‍മ്മാണം അശാസ്ത്രീയം; പരാതികള്‍ക്കൊടുവില്‍ പൊളിച്ചു നീക്കി
ഇരിങ്ങാലക്കുട: മാപ്രാണം നന്തിക്കര റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കോന്തിപുലം നടുവിലാലിനു ചുറ്റുമുള്ള അശാസ്ത്രയ നിര്‍മാണം പൊളിച്ചു നീക്കി. നീര്‍മാണം പൂര്‍ത്തീകരിച്ച് ഒരാഴ്ചക്കിടെ പൊളിച്ചു നീക്കല്‍ ആരംഭിച്ചു. തൃശൂര്‍ -കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയെയും മണ്ണുത്തി-എടപ്പിള്ളി ദേശീയപാതയെയും ബന്ധിപ്പിക്കുന്ന മാപ്രാണം നന്തിക്കര റോഡ് 15 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. ഇതിനിടയിലാണ് കോന്തിപുലം പാടശേഖരം എത്തുന്നതിന് മുന്‍പായി റോഡിന് നടുവിലായി ഒരു ആല്‍മരം സ്ഥിതി ചെയ്യുന്നത്.
മരത്തിന് ഇരുവശത്തു കൂടെയാണ് കാലങ്ങളായി വാഹനങ്ങള്‍ പോയ്കൊണ്ടിരുന്നത്. എന്നാല്‍, റോഡ് നവീകരണത്തിന്റെ ഭാഗമായി ആല്മരത്തിന് ചുറ്റുമായി വലിയ നീളത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി ആല്മരത്തിന് സംരക്ഷണമൊരുക്കിയത് വാഹനങ്ങള്‍ക്ക് ഏറെ അപകട ഭീഷണിയാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തന്നെയുമല്ല കോന്തിപുലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മാപ്രാണം പള്ളിയുടെ ഭാഗത്തേയ്ക്ക് പോകുന്ന കുന്നുമ്മക്കര റോഡിലേയ്ക്ക് തിരിയുന്നതിന് വലിയ പ്രയാസമാണ് അനുഭവപ്പെടുന്നത്.
കാനകള്‍ക്ക് ഉള്ളില്‍ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ നിലനിറുത്തിയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇത് കാനയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്താന്‍ ഇടയാക്കുമെന്നും അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ പൊളിച്ച് പുനര്‍നിര്‍മിക്കണമെന്നും കാനയിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താലൂക്ക് വികസന സമിതിയിലും കേരള കോണ്‍ഗ്രസ് പ്രതിനിധി സാം തോംസണ്‍ പറഞ്ഞിരുന്നു. തുര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും നാട്ടുക്കാര് ആവശ്യപ്പെട്ടതു പ്രകാരം അശാസ്ത്രിയ നിര്‍മാണം പൊളിച്ചു നീക്കുകയായിരുന്നു.
