ഠാണാ-ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യുഡിഎഫ് പദ്ധതിയായതു കൊണ്ടെന്ന് -കേരള കോണ്‍ഗ്രസ്

ഇരിങ്ങാലക്കുട മുനിസിപ്പല്‍ മണ്ഡലം പ്രവര്‍ത്തക സമ്മേളനം ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഠാണാ ചന്തക്കുന്ന് വികസനം വൈകിപ്പിക്കുന്നത് യുഡിഎഫ് പദ്ധതിയായതുകൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി. യുഡിഎഫ് ഗവണ്മെന്റ് 2013-14 ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതും 11-2-2014,8-9-2015 എന്നീ തിയതികളില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്കി 11 കോടി, മൂന്നു കോടി തുകകളും നല്കി അക്വിസേഷന്‍ നടപടികള്‍ തുടങ്ങിയ പദ്ധതി ഒമ്പതു വര്‍ഷം താമസിപ്പിക്കുക വഴി എല്‍ഡിഎഫ് ജനങ്ങളോട് മാപ്പ് പറയണമെന്നും പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്ടിപി നടത്തുന്ന തൃശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണം അശാസ്ത്രീമാണ്.
ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഗതാഗതം താറുമാറാക്കുകയും കുടിവെള്ളപൈപ്പുകള്‍ പൊട്ടി കുടിവെള്ളക്ഷാമം രൂക്ഷമാക്കുകയും ചെയ്തിരിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ വീടുകളുടെ താമസവും കടകളുടെ പ്രവര്‍ത്തനവും ക്ലേശകരമാകുകയും ചെയ്തിരിക്കുന്നുവെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഗവണ്മെന്റിന്റെ സംഭാവനയായ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ പ്രദേശത്ത് യുഡിഎഫ് ഭരണകാലഘട്ടത്തില്‍ ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുന്‍ എം. എല്‍. എ തോമസ് ഉണ്ണിയാടന്റെ നേതൃത്വത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും ഇത് വേണ്ട രീതിയില്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും സമ്മേളനം അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. മുനിസിപ്പല്‍ മണ്ഡലം പ്രവര്‍ത്തക സമ്മേളനം പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയര്മാന് എം. പി. പോളി, ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.കെ. സേതുമാധവന്, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി, വനിതാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാഗി വിന്‍സെന്റ്, ഫെനി എബിന് വെള്ളാനിക്കാരന്‍, ആര്‍തര്‍ വിന്‍സെന്റ്, വിവേക് വിന്‍സെന്റ്, ലാലു വിന്‍സെന്റ്, അജിത സദാനന്ദന്, കെ. സതീഷ്, എം. എസ്. ശ്രീധരന് മുതിരപ്പറമ്പില്‍, എബിന് വെള്ളാനിക്കാരന്‍, ലിംസി ഡാര്വിന്, ലാസര്‍ കോച്ചേരി, എ.ഡി. ഫ്രാന്‍സിസ്, ഒ.എസ്. ടോമി, റാണി കൃഷ്ണന് വെള്ളാപ്പിള്ളി, ഷീല ജോയ്, പി.വി. ലില്ലി തോമസ് നോബിള്‍, യോഹന്നാന് കോമ്പാറക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.