കേരള ബാങ്ക് സ്വീകരിക്കുന്നത് സഹകരണസംഘങ്ങളെ ദ്രോഹിക്കുന്ന നിലപാട്: എം.പി. ജാക്സണ്

ഇരിങ്ങാലക്കുട കേരള ബാങ്ക് ശാഖയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച സഹകരണ ജനാധിപത്യവേദി സഹകാരി ധര്‍ണ ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: സഹകരണസംഘങ്ങളെ തകര്ക്കുന്നതരത്തിലുളള തെറ്റായ രീതികളിലൂടെയാണ് കേരള ബാങ്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നു ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങളെ തകര്‍ക്കാനുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇരിങ്ങാലക്കുട കേരള ബാങ്ക് ശാഖയ്ക്കുമുന്നില്‍ സംഘടിപ്പിച്ച സഹകരണ ജനാധിപത്യവേദി സഹകാരി ധര്‍ണ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകുന്ദപുരം താലൂക്കിലെ സഹകരണബാങ്ക് പ്രസിഡന്റുമാരും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി സഹകാരികള്‍ പങ്കെടുത്തു. സഹകരണ ജനാധിപത്യവേദി മുകുന്ദപുരം താലൂക്ക് ചെയര്മാന് ആന്റോ പെരുമ്പിളളി അധ്യക്ഷതവഹിച്ചു. ജില്ലാ ചെയര്മാന് എം.കെ. അബ്ദുള്‍സലാം മുഖ്യപ്രഭാഷണംനടത്തി. കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും താലൂക്ക് ജനറല്‍ കണ്‍വീനറുമായ ജോമോന് വലിയവീട്ടില്‍, പുതുക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു, ഡിസിസി സെക്രട്ടറിമാരായ സതീഷ് വിമലന്, ഗോപാലകൃഷ്ണന്, സെബി കൊടിയന്‍, മണ്ഡലം പ്രസിഡന്റ് അബ്ദുഹക്ക്, വിജയന് എളയേടത്ത് എന്നിവര്‍ സംസാരിച്ചു.
