പുളിക്കലച്ചിറ പാലം നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി

പൊതുമരാമത്ത് വകുപ്പിലെ ഉന്നതല ഉദ്യോഗസ്ഥര്‍ പുളിക്കലച്ചിറ പാലം സന്ദര്‍ശിച്ച് പരിശോധന നടത്തുന്നു.
നാലമ്പല തീര്‍ത്ഥാടനത്തിന് തടസമുണ്ടാകില്ല: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിര്‍മ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അവ പരിഹരിച്ച് പുനര്‍നിര്‍മാണം ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. നിര്‍മ്മാണം നടന്നുവരുന്ന പൈല് കാപ്പിന്റെ കോണ്‍ക്രീറ്റ് പരിശോധനയിലാണ് അപാകതകള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. അപാകതകള്‍ കണ്ടെത്തിയ ഭാഗം പൊളിച്ചുമാറ്റി പുനര്‍ നിര്‍മ്മിക്കുന്നതിനും നിര്‍ദ്ദേശം നല്കി. അപ്രകാരം ചെയ്യാത്ത പക്ഷം കരാറുകാരനെതിരെ നടപടി സ്വീകരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി. ഇതോടൊപ്പം നാലമ്പല തീര്‍ത്ഥാടന കാലത്ത് ഭക്തജനങ്ങള്‍ക്ക് യാത്രയ്ക്ക് അസൗകര്യം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ബദല്‍ യാത്രാ മാര്‍ഗം ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നിലവിലുള്ള സമാന്തര പാലം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പിലെ ഉന്നതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച്
പൊതുമരാമത്ത് വകുപ്പിലെ ഉന്നതല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് പാലം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ (കോഴിക്കോട് സര്‍ക്കിള്‍) എറണാകുളം ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, തൃശൂര്‍ സബ് ഡിവിഷന് അസി: എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരടങ്ങിയ ഉന്നത ഉദ്യോഗസ്ഥ ടീം സ്ഥലം സന്ദര്‍ശിച്ചു. ന്യൂനതകള്‍ പരിഹരിച്ച് പാലം പണി പൂര്‍ത്തീകരിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും നാലമ്പല ദര്‍ശനത്തിന് തടസം വരാതിരിക്കാന്‍ സുരക്ഷിതമായ ബദല്‍ ഗതാഗത സംവിധാനം (ബൈ റോഡ്) ഉടന്‍ ഒരുക്കുന്നതിനാവശ്യമായ തീരുമാനമറിയിക്കുകയും അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉദ്ദ്യോഗസ്ഥര്‍ക്കും കരാറുകാരനും നല്‍കുകയും ചെയ്തു