അപകടം പതിവ്, ആളെ കൊല്ലാനാണോ ഈ പാതകള്‍ മഴക്കുഴികള്‍ റോഡിലാണ്

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നിന്നും എകെപി ജംഗ്ഷന് വരെയുള്ള റോഡ് തകര്‍ന്ന് കുഴികള്‍ നിറഞ്ഞ നിലയില്‍.
ഇരിങ്ങാലക്കുട: നഗരത്തിലെ പല റോഡുകളിലൂടെയുള്ള യാത്ര ഏറെ ദുരിതമാണ്. റോഡിലെ അവസ്ഥ കണ്ടാല്‍ തോന്നും മഴക്കുഴികള്‍ റോഡിലാണെന്ന്. കാലവര്‍ഷം തുടങ്ങിയതോടെ മഴയില്‍ കുളമായിരിക്കുകയാണ് പട്ടണത്തിലെ പ്രധാന വീഥികള്‍. പൊതുഗതാഗതത്തിനായി ഏറെ ആശ്രയിക്കുന്ന ബൈപാസ് റോഡ്, സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്നും ക്രൈസ്റ്റ് കോളജിലേക്ക് പോകുന്ന റോഡില്‍ സണ്ണി സില്‍ക്ക്സിന് മുമ്പിലുള്ള ഭാഗം എന്നിവയാണ് വര്‍ഷങ്ങളായി മോചനമില്ലാതെ കഴിയുന്നത്. ഓരോ വര്‍ഷക്കാലത്തും പൊതുശ്രദ്ധ ഉണ്ടാകുകയും വിമര്‍ശനങ്ങള്‍ ഉയരുകയും അപകടങ്ങള്‍ പതിവാകുകയും ചെയ്യുമ്പോള്‍ അറ്റകുറ്റപണി നടത്തുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാന്‍ നഗരസഭ അധികൃതര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
അറ്റകുറ്റപണികളുടെ ഇനത്തില്‍ മാത്രം ലക്ഷങ്ങളാണ് ഇതിനകം ചെലവഴിച്ചിട്ടുള്ളത്. സണ്ണി സില്‍ക്ക്സിനു മുന്നില്‍ എത്ര തവണ ഓട്ട അടക്കല്‍ പണികള്‍ നടത്തിയിട്ടുണ്ടെന്ന് ഭരണാധികാരികള്‍ക്ക് തന്നെ ഓര്‍മയില്ല. പദ്ധതി ചെലവില്‍ ഇത്തവണ നഗരസഭ മുന്നില്‍ എത്തിയെങ്കിലും കാലാവധി തീരാന്‍ മാസങ്ങള്മാത്രമുള്ള ഭരണസമിതിയുടെ മുന്നില്‍ പ്രധാന റോഡുകളുടെ തകര്‍ച്ച വിഷയമായി തുടരുകയാണ്. ഫാദര്‍ ഡിസ്മസ് റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്.
ഈ വഴിയിലൂടെ വേണം നഗരസഭ പ്രദേശത്തെ പ്രധാന വിദ്യാലയങ്ങളിലേക്ക് പോകേണ്ടത്. ഈ വഴിയിലൂടെ ഓട്ടോകള്‍ ഓട്ടം വിളിച്ചാല്‍ പോകാന്‍ വിസമ്മതിക്കുന്ന അവസ്ഥയാണ്. രണ്ടുമാസം മുമ്പ് ഈ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട്് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നില്പുസമരം നടത്തിയിരുന്നു. അതിനും നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. അമൃത് ജലപദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകളിലൂടെയുള്ള യാത്ര മഴ പെയ്തതോടെ തീര്‍ത്തും ദുഷ്കരമായിതീര്‍ന്നു.
തനതുഫണ്ടില്‍ നിന്നുളള്ള 23 ലക്ഷം രൂപ ചെലവഴിച്ച് ബൈപാസ് റോഡ്, സണ്ണിസില്ക്ക്സ് റോഡ്, ഫാദര്‍ ഡിസ്മസ് റോഡ് എന്നിവ റീടാര്‍ ചെയ്യാന്‍ തീരുമാനിച്ചതാണെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മൂലം നിര്‍മാണ പ്രവര്‍ത്തികള്‍ ഉപേക്ഷിക്കേണ്ടി വന്നതാണെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് പദ്ധതിയില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും പ്രതീക്ഷിക്കാതെമഴ നേരത്തെ എത്തിയത് പ്രശ്നമായെന്നും താല്‍ക്കാലിക അറ്റകുറ്റപണികള്‍ ഉടന്‍ നടത്തുമെന്നും നഗരസഭ അധികൃതര്‍ പറയുന്നു. അതേസമയം വര്‍ഷകാലം ആരംഭിച്ചിട്ടും നഗരസഭ പ്രദേശത്തെ കാനകള്‍ ഇനിയും വൃത്തിയാക്കിയിട്ടില്ല.
