കാട്ടൂര്‍ മുനയം ബണ്ട് തകര്‍ന്നു, പിന്നീട് പഞ്ചായത്തധികൃതരെത്തി കൂടുതല്‍ ഭാഗം തുറന്നു വിട്ടു

കാട്ടൂര്‍ മുനയം ബണ്ട് തകര്‍ന്ന് വെള്ളം കുത്തൊലിച്ച് ഒഴുകുന്നു.
കാട്ടൂര്‍: കാട്ടൂര്‍ മുനയം താത്കാലിക ബണ്ട് ശക്തമായ മഴയില്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നു. കാട്ടൂര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിതുടങ്ങിയതോടെ പഞ്ചായത്തധികൃതര്‍ ബണ്ടിന്റെ കൂടുതല്‍ ഭാഗം പെട്ടിച്ച് വെള്ളം തുറന്നു വിടുകയായിരുന്നു. ജെസിബി ഉപയോഗിച്ചാണ് ബണ്ട് നിര്‍മിച്ച് മണ്ണു നീക്കം ചെയ്തത്. മഴയുടെ ശക്തി മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാധാരണ ജൂലായ് – ആഗസ്റ്റ് മാസങ്ങളിലാണ് മുനയം കെട്ടിന്റെ സെന്ററിലുള്ള ചീപ്പ് തുറക്കാറുള്ളത്. ഇപ്പോള്‍ കരയോടു ചേര്‍ന്നഒരു ഭാഗം പൂര്‍ണ്ണമായും ഒലിച്ചു പോവുകയാണുണ്ടായത്. ഇത് പ്രദേശത്തെ സ്വകാര്യ ഭൂമികള്‍ക്കും വീടുകള്‍ക്കും പറമ്പുകളിലെ ഫലവൃക്ഷങ്ങള്‍ക്കും അപകട ഭീഷണി വരുത്തിയിരിക്കുകയാണ്.
ഇത്തവണത്തെ ബണ്ട് നിര്‍മ്മാണം അശാസ്ത്രീയമാണെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന മുളകളും മണ്ണുമാണ് നിര്‍മ്മാണത്തിനു ഉപയോഗിച്ചിരുന്നതെന്നും അതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും ധര്‍ണ്ണകളും നടത്തിയിരുന്നു. മുനയം ബണ്ടിന് കൂടുതല്‍ ഉറപ്പു ലഭിക്കാനായി സമാനമായി മറ്റൊരു ചിറ കൂടി കെട്ടി ഉറപ്പുവരുത്താറുണ്ട്. ആ ചിറ ഇക്കുറി നിര്മ്മിച്ചിരുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. അതാണ് ഇത്രയും വേഗം മുനയം ബണ്ട് തകരാന്‍ കാരണമായത്. മൂന്നരപതിറ്റാണ്ടായി കനോലി കനാലിലെ ഉപ്പുവെള്ളം വേനലില്‍ കരുവന്നൂര്‍ പുഴയില്‍ പ്രവേശിക്കാതിരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മുനയത്ത് താത്കാലിക ബണ്ട് നിര്‍മ്മിക്കുന്നത്. ഇവിടെ ഷട്ടര്‍കം ബ്രിഡ്ജ് നിര്‍മ്മിക്കണ മെന്നുള്ളത് കര്‍ഷകരുടെയും പുഴയോരവാസികളുടെയും ആവശ്യമാണ്. കാട്ടൂര്‍ പഞ്ചായത്തിലെ പൊട്ടന്കടവ്, പുത്തന്‍തോട്, എംഎം കനാല്‍ എന്നിവടങ്ങളിലെ സ്ലൂയിസുകളും പഞ്ചായത്തധികൃതര്‍ പെട്ടിച്ചു.