റോഡിലെ കുഴി താൽക്കാലികമായി അടച്ച് പോലീസ് ഉദ്യോഗസ്ഥൻ

പോലീസ് ഉദ്യോഗസ്ഥനായ സാബു ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പിട്ട സ്ഥലത്തെ കുഴി കല്ലിട്ട് അടയ്ക്കുന്നു.
ഇരിങ്ങാലക്കുട: ഠാണാവിൽ വാട്ടർ അഥോറിറ്റി പൈപ്പ് ഇടാനായി കുഴിച്ച കുഴിയിൽവീണ് അപകടങ്ങൾ തുടർക്കഥയായപ്പോൾ കല്ലുംമണ്ണുമിട്ട് താൽക്കാലികമായി കുഴിയടച്ച് പോലീസ് ഉദ്യോഗസ്ഥൻ സാബു മാതൃകയായി. കുറച്ചുദിവസങ്ങൾക്കുമുന്പാണ് വാട്ടർ അഥോറിറ്റി ഠാണാ ജംഗ്ഷനിൽ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടത്. മണ്ണിട്ട് കുഴിമൂടിയ ഇവിടെ നിരവധി വാഹനങ്ങളുടെ ടയർ താഴ്ന്ന് അപകടങ്ങൾ സംഭവിച്ചിരുന്നു. പിന്നീട് കെഎസ്ടിപി ക്വാറിവേസ്റ്റ് ഇട്ടെങ്കിലും ഹംപ് രൂപപ്പെട്ട ഇവിടെ മഴയത്ത് വീണ്ടും മണ്ണൊലിച്ച് കുഴിയായി ഗതാഗതം ദുഷ്കരമായി. ഠാണാവിൽ ഗതാഗതനിയന്ത്രണത്തിനെത്തിയ ഇരിങ്ങാലക്കുട സ്റ്റേഷനിലെ സാബു എന്ന ഉദ്യോഗസ്ഥനാണ് സമീപത്തുനിന്നു കല്ലുകൾ എടുത്തിട്ട് കുഴി അടച്ചുതുടങ്ങിയത്. ഇതുകണ്ട് ഇതുവഴി എത്തിയ ബൈജു, ജസ്റ്റിൻ എന്നീ നാട്ടുകാരും ഉദ്യോഗസ്ഥനെ സഹായിക്കാൻ കൂടി.