കരുവന്നൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു -ഇല്ലിക്കൽ, കൊറ്റംകോട് റെഗുലേറ്ററുകളുടെ ഷട്ടറുകൾ തുറന്നു

ശക്തമായ കാറ്റിൽ കാറളത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞനിലയിൽ.
ഇരിങ്ങാലക്കുട: കരുവന്നൂർപുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇല്ലിക്കൽ, കൊറ്റംകോട് റെഗുലേറ്ററുകളുടെ ഷട്ടറുകൾ തുറന്നു. ആറുവീതം ഷട്ടറുകളാണ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയത്. കരുവന്നൂർപുഴയുടെ തീരത്തും കാറളം പഞ്ചായത്തിലെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നിൽകണ്ടാണു ഷട്ടറുകൾ ഉയർത്തിയത്. ഇതോടെ ഒഴുക്ക് വേഗത്തിലായി. പ്രദേശത്തെ വെള്ളപ്പൊക്കഭീഷണി ഒഴിവായി. വരുംദിവസങ്ങളിൽ മുഴുവൻ ഷട്ടറുകളും തുറക്കും. പുഴയിലെ ഒഴുക്ക് വർധിച്ചതോടെ കിഴുപ്പിള്ളിക്കര മുനയത്ത് പുഴയ്ക്കുകുറുകെ നിർമിച്ചിരുന്ന താൽക്കാലിക ബണ്ട് തകർന്നു.
കാലവർഷം കനക്കുന്നതിനുമുന്പേ ബണ്ട് പൊളിച്ചുനീക്കി കടലിലേക്കുള്ള ഒഴുക്ക് സുഗമമാക്കേണ്ടതായിരുന്നു. കാലവർഷം നേരത്തെ എത്തുകയും തുടർച്ചയായി കനത്ത മഴ പെയ്യുകയും ചെയ്തതോടെ ബണ്ടിനു മുകളിലൂടെ വെള്ളം ഒഴുകാൻ തുടങ്ങി. ഒഴുക്ക് ശക്തമായതോടെ പുഴയുടെ പടിഞ്ഞാറേക്കര വൻതോതിൽ ഇടിഞ്ഞു. കൂടുതൽ മണ്ണ് ഇടിയാൻ സാധ്യതയുള്ളതിനാൽ സമീപത്തെ വീട്ടുകാർ ആശങ്കയിലാണ്. കിഴക്കേകരയോടുചേർന്ന ബണ്ടിന്റെ കുറച്ചുഭാഗം ജലസേചനവകുപ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുറന്ന് ഒഴുക്ക് നിയന്ത്രിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മരംവീണ് വൈദ്യുതികാലുകൾ തകർന്നു
ഇരിങ്ങാലക്കുട: മേഖലയിലെ പാടശേഖരങ്ങളിലെല്ലാം വെള്ളമുയർന്നു. ഇരിങ്ങാലക്കുട മേഖലയിൽ പലയിടത്തും മരംവീണ് വൈദ്യുതികാലുകൾ തകർന്നു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. പടിയൂർ, കാറളം, കാട്ടൂർ, പൂമംഗലം പഞ്ചായത്തുകളിലും നഗരസഭയിലും മരങ്ങൾവീണ് അപകടമുണ്ടായി. പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കെട്ടിടത്തിന്റെ മുകളിലേക്കു വളർന്നുനിന്നിരുന്ന അപകടാവസ്ഥയിലുള്ള മരം ഇരിങ്ങാലക്കുട പോലീസ് മുറിച്ചുമാറ്റി.
ശക്തമായ കാറ്റിൽ തോപ്പ് പൂമംഗലം റോഡിൽ മരംവീണ് വൈദ്യുതികാലുകൾ തകർന്നു. കാവല്ലൂർ ഷാജന്റെ വീട്ടുപറന്പിൽ റോഡരികിൽ നിന്നിരുന്ന മരം ത്രീഫേസ് ലൈനിലേക്കു കടപുഴകിവീഴുകയായിരുന്നു. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇതേത്തുടർന്ന് പ്രദേശത്ത് വൈദ്യുതിമുടങ്ങി. മൂന്നുപീടീക ഇരിങ്ങാലക്കുട റോഡിൽ കാക്കത്തുരുത്തിയിൽ റോഡിലേക്കുവീണ മരം നാട്ടുകാരുടെ സഹായത്തോടെ കാട്ടൂർ പോലീസ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പൂമംഗലം പഞ്ചായത്തിൽ 20 സ്ഥലങ്ങളിൽ മരംവീണ് അപകടമുണ്ടായി. പലയിടത്തും വൈദ്യുതി ലൈനുകൾ പൊട്ടിവീണു. വൈദ്യുതിക്കാലുകളും തകർന്നിട്ടുണ്ട്. വൈദ്യുതിവിതരണം തടസപ്പെട്ടു.
ഇരിങ്ങാലക്കുടയിൽ കണ്ട്രോൾ റൂം തുറന്നു
ഇരിങ്ങാലക്കുട: വൈദ്യുതതടസവും അപകടസാധ്യതയും സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിലുള്ളവർക്ക് 949009439 എന്ന നന്പറിലേക്ക് 24 മണിക്കൂറും ബന്ധപ്പെടാം. വൈദ്യുതിസംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപെട്ടാൽ എത്രയുംവേഗം സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നന്പറിലോ അറിയിക്കാം. പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നന്പറിലേക്കും വിളിക്കാമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.
