കരുവന്നൂര്‍ കെഎല്‍ഡിസി കനാലില്‍ വീണ്ടും മരം കടപുഴകി വീണു

കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം കെഎല്‍ഡിസി കനാലില്‍ പാഴ്മരം കടപുഴകിവീണ നിലയില്‍.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോട് കെഎല്‍ഡിസി കനാലില്‍ വീണ്ടും മരം കടപുഴകി വീണു. എംഎല്‍എ യുടെ പ്രാദേശിക വികസനഫണ്ടില്‍നിന്നു 15 ലക്ഷം രൂപ ഉപയോഗിച്ച് നിര്മാണംനടത്തുന്ന കനാല്‍ സൈഡ് കെട്ടിസംരക്ഷിക്കുന്ന പ്രവര്‍ത്തിയുടെ ഭാഗമായി ഇവിടെ നിന്നിരുന്ന മൂന്നുമരങ്ങളുടെ വേര് മുറിച്ചിരുന്നു. ഇതില്‍ രണ്ടാമത്തെ മരമാണ് കനാലിലേക്ക് മറിഞ്ഞുവീണത്. കുറച്ചുദിവസംമുമ്പ് ഒരു മരം വീണു.
രണ്ടു മരങ്ങളും ഇപ്പോഴും കനാലില്തന്നെ കിടക്കുകയാണ്. കനത്ത മഴയില്‍ കനാലില്‍ വെള്ളം ഒഴുക്കു തടയുവാനും ബണ്ട് പൊട്ടി സമീപത്തെ വീടുകളില്‍ വെള്ളംകയറാനും സാഹചര്യമുണ്ടെന്നും എത്രയുംവേഗം കനാലില്‍ നിന്നു മരങ്ങള്‍ മുറിച്ചുനീക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മരങ്ങള്‍ ആദ്യമേ മുറിച്ചുനീക്കി വീതികൂട്ടി നിര്‍മിക്കുന്നതിനു പകരം കുപ്പിക്കഴുത്ത് മാതൃകയിലാണ് ഇവിടെ ബണ്ട് കെട്ടിയിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അശാസ്ത്രീയമായ നിര്മിതിക്കെതിരേ കോണ്‍ഗ്രസ് ഇന്ന് സമരം നടത്തുന്നുണ്ട്.