കനത്ത മഴ, ശക്തമായ കാറ്റ്: ഇരിങ്ങാലക്കുട മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍

ചേലൂര്‍ പള്ളിക്കു സമീപം തേമാലിത്തറയില് തോടിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച നിലയില്‍. പാലമില്ലാത്തതിനാല്‍ നിരവധി കുടുംബങ്ങളാണ് വീടുകളിലേക്ക് കടന്നുപോകാന്‍ സാധിക്കാതെ ദുരിതത്തിലായത്.
മരങ്ങള്‍ വീണ് വൈദ്യതി നിലച്ചു
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി നാലു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ടൗണിലടക്കം പലയിടത്തും വൈദ്യുതി നിലച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങിയിട്ടുള്ളത്. റോഡില്‍ നിന്നും കാനകളിലേക്ക് വെള്ളമൊഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പലയിടത്തും റോഡില്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. പടിഞ്ഞാറന്‍ പ്രദേശങ്ങളായ കനാല്‍ ബെയ്സ്, സോള്‍വെന്റ് പരിസരം, പെരുവല്ലിപ്പാടം, കെഎസ്ആര്‍ടിസി പരിസരം, ചാലാംപാടം, എന്നീ പ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുള്ളത്.
റോഡില്‍ സകല മാലിന്യങ്ങളുമായി വെള്ളം പരന്നൊഴുകുന്നതിനാല്‍ കാല് നടക്കാര്‍ക്കും മറ്റും ഏറെ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. മണ്ണും മാലിന്യവും അടിഞ്ഞു കൂടിയതു മൂലം കാനകളിലൂടെയുള്ള വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസമായിട്ടുണ്ട്. കാനകളുടെ നിര്‍മാണത്തിലെ അപാകതയും ഇതിനു കാരണമായിട്ടുണ്ട്. മഴക്കാലത്തിന് മുമ്പേ നഗരത്തിലെ കാനകള്‍ ശുചീകരിക്കുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയത് ശുചീകരണങ്ങളില്‍ പാളിച്ചയായി.
സെന്റ് ജോസഫ് കോളജു മുതല്‍ ചാലാംപാടം വരെയുള്ള തോടില്‍ ഇപ്പോഴും മാലിന്യങ്ങള്‍ കെട്ടി നില്‍ക്കുകയാണ്. ഇത് വൃത്തിയാക്കുന്ന കാര്യത്തില്‍ വേണ്ടത്ര രീതിയില്‍ അധികൃതര്‍ താത്പര്യം കാണിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇത് മൂലം പെരുന്തോട് നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. തോടിനു സമീപത്തെ പറമ്പുകളിലേക്ക് വെള്ളം കയറി. മഴ കനക്കുന്നതോടെ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകും.
കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇത് ഏറെ ഭീഷണിയാണ്. പടിയൂര്‍, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പടിയൂര്‍ -പൂമംഗലം പഞ്ചായത്തുളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന ചേലൂര്‍ തേമാലിത്തറ തോടില്‍ കുളവാഴയും ചണ്ടിയും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. ഈ തോടിനു കുറുകെയുള്ള പാലത്തിന്റെ നിര്‍മാണം നിര്‍ത്തി വച്ചു. ഇതോടെ ഈ ഭാഗത്തെ നിരവധി വീടുകളിലേക്കുള്ള വഴിയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായി.
തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നാല് കണ്ട്രോള് റൂമുകള്‍ തുറന്നു
ഇരിങ്ങാലക്കുട: കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി തൃശൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് കണ്ട്രോള് റൂമുകള്‍ തുറന്നതായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് അറിയിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസുകളിലും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലുമാണ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
കണ്ട്രോള് റൂം ചാലക്കുടി : 9497933756
കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, വരന്തരപ്പിള്ളി എന്നീ പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
കണ്ട്രോള് റൂം കൊടുങ്ങല്ലൂര്‍ : 04802800561
കൊടുങ്ങല്ലൂര്‍, മതിലകം, കൈപ്പമംഗലം, വലപ്പാട്, വാടാനപ്പിള്ളി, അഴീക്കോട് കോസ്റ്റല്‍ എന്നീ പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
കണ്ട്രോള് റൂം ഇരിങ്ങാലക്കുട : 04802828000
ഇരിങ്ങാലക്കുട, കാട്ടൂര്‍, ചേര്‍പ്പ്, അന്തിക്കാട്, ആളൂര്‍, മാള പോലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് ബന്ധപ്പെടാവുന്നതാണ്
ഇത് കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം 04802991368 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
