വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

ആംബുലന്‍സ് ഡ്രൈവര്‍ ജിഷ്ണു കെ. ഷാജി, നേഴ്സ് ജോബിഷ് ജോസഫ് എന്നിവര്‍.
ഇരിങ്ങാലക്കുട: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ഇരിങ്ങാലക്കുട ബസ്റ്റാന്റിന് കാട്ടൂര്‍ റോഡില്‍ അവറാന് പമ്പിനു സമീപം താമസിക്കുന്ന 28 വയസ്സുകാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ ജിഷ്ണു കെ. ഷാജി, നേഴ്സ് ജോബിഷ് ജോസഫ് എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ജോബിഷ് അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇവര്‍ക്ക് വേണ്ട പ്രഥമ ശുശ്രൂഷ നല്കി ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ ഇരുവരെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.