മാറിയും മറിഞ്ഞും മുരിയാട്, കര്‍ഷകരെ സ്വാധീനിക്കാന്‍ ഇരുമുന്നണികളും രംഗത്ത്
അസ്തമിച്ച പച്ചപ്പ് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്, പരമ്പരാഗത പാര്‍ട്ടി കുടുംബങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടതുമുന്നണി
ഇരിങ്ങാലക്കുട: ഇടതുമുന്നണിയെയും കോണ്‍ഗ്രസിനെയും മാറി മാറി സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണു മുരിയാട് പഞ്ചായത്തിനുള്ളത്. സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളും നിര്‍ണായക ശക്തിയാണു മുരിയാട് പഞ്ചായത്തിലെ വോട്ടുബാങ്ക്. കര്‍ഷക ജനതയുടെ വോട്ടില്‍ കണ്ണുംനട്ട് മുരിയാട്ടെ തെരഞ്ഞെടുപ്പു രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.
വാഗ്ദാനങ്ങളുടെ പെരുമഴയായി കര്‍ഷകരെ സ്വാധീനിക്കാന്‍ ഇരുമുന്നണികളും മത്സരരംഗത്തേക്കിറങ്ങിയതോടെ മുരിയാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പുരംഗം സജീവമായി. പഞ്ചായത്തിന്റെ ഭരണം ആരുടെ കൈകളില്‍ എന്നുള്ളത് നിര്‍ണയിക്കപ്പെടുക ഈ മേഖലയില്‍ സജീവ സാന്നിധ്യമുള്ള കര്ഷകജനതക്കായിരിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കായിരിക്കും ഈ പഞ്ചായത്തില്‍ വിജയം എന്നുറപ്പ്. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുക മുരിയാടിന്റെ കാര്‍ഷിക രംഗമായിരിക്കും. ഇതോടൊപ്പം കര്‍ഷകരുടെ ദീനരോദനവും. ഇത് വോട്ടാക്കി മാറ്റുവാന്‍ യുഡിഎഫും എല്‍ഡിഎഫും പരമാവധി പരിശ്രമിക്കുന്നുണ്ട്. കര്‍ഷകര്‍ക്കായി തങ്ങള്‍ ചെയ്ത വികസന നേട്ടങ്ങള്‍ വോട്ടര്‍മാരുടെ മുന്നില്‍ നിരത്താന്‍ ഇരുകക്ഷികളും മത്സരിക്കുകയാണ്. തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളെ മനസിലാക്കാന്‍ സാധിച്ചാല്‍ ആ മുന്നണിക്കായിരിക്കും വിജയമെന്നുറപ്പിക്കാം. അനധികൃത കളിമണ്‍ ഖനനവും അനധികൃത ഇഷ്ടിക നിര്‍മാണ കളങ്ങളും മുരിയാടിന്റെ കാര്‍ഷിക പാരമ്പര്യത്തിന്റെ സജീവസാന്നിധ്യമായ കോള്‍പാടങ്ങളെ നിഷ്കരുണം കൊലചെയ്തപ്പോള്‍ ഇതിനെ രാഷ്ട്രീയ മുതലെടുപ്പാക്കി ശക്തമായ പ്രചാരണം നടത്തുകയാണു ഇരു വിഭാഗങ്ങളും. കഴിവുറ്റ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് പ്രചരണങ്ങള്‍ ആരംഭിച്ചിരിക്കുകയാണു എല്‍ഡിഎഫ്. വാര്‍ഡുകളില്‍ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടര്‍മാരെ ഒരു പരിധി വരെ വശത്താക്കിയതില്‍ ഏറെ സംതൃപ്തിയിലാണു ഇടതുപക്ഷം. എല്‍ഡിഎഫ് ഭരണകാലയളവില്‍ പഞ്ചായത്തില്‍ നടത്തിയതു ദുര്‍ഭരണവും സ്വജനപക്ഷപാതവുമാണെന്നും ഫണ്ടുകളെല്ലാം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചുമാണു ഇക്കുറി യുഡിഎഫ് പോരിനിറങ്ങുക. മുരിയാട് പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്നും തിരിച്ചുപിടിക്കാമെന്നാണു യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നത്. സിപിഎമ്മിനു പാരമ്പര്യമായി ഏറെ സ്വാധീനമുള്ള മുരിയാട് പഞ്ചായത്ത് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചകളും കൂടിയാലോചനകളും കോണ്‍ഗ്രസ് പാളയത്തില്‍ കൊണ്ടുപിടിച്ചു നടക്കുകയാണ്. ജനറല്‍ സീറ്റുകളിലേക്കു ആവശ്യമായ നേതൃനിരയും പൊതുസമൂഹത്തില്‍ സംജാതമായിട്ടുള്ള ഇടതുപക്ഷ വിരുദ്ധ വികാരവും ഇത്തവണ തങ്ങള്‍ക്കു അനുകൂലമാകുമെന്നാണു യുഡിഎഫ് കരുതുന്നത്.
17 അംഗ ഭരണസമിതിയില്‍ ഒമ്പതു എല്‍ഡിഎഫ് അംഗങ്ങളും ഏഴു കോണ്‍ഗ്രസ് അംഗങ്ങളും ഒരു ബിജെപി അംഗവുമാണു നിലവിലുള്ളത്. 1953 ല്‍ രൂപീകൃതമായ പഞ്ചായത്തില്‍ 1954 ല്‍ കോണ്‍ഗ്രസ് നേതാവായ ലോനപ്പന് തളിയത്താണു ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തത്. 1958 ല്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നെങ്കിലും 1964 ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചു. 1978 വരെ കോണ്‍ഗ്രസ് ഭരണം തുടര്‍ന്നു. 1979 മുതല്‍ ഇടതു മുന്നണി ഭരണം തിരിച്ചു പിടിച്ചു. 2000 ല്‍ കോണ്‍ഗ്രസ് ഭരണം നിലവില്‍ വന്നെങ്കിലും 2005 ല്‍ ഇടതു മുന്നണി ഭരണം തിരിച്ചു പിടിച്ചു. 2000 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ ഉണ്ടായിരുന്ന കോണ്‍ഗ്രസിനു 2005 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകരുകയാണുണ്ടായത്. 2010 ലും 2015 ലും ഇടതുമുന്നണി ഭരണം നിലനിര്‍ത്തി.