കൂത്തുമാക്കല്‍ ഷട്ടറുകള്‍ താഴ്ത്താന്‍ ശ്രമം: ആറ് ഷട്ടറുകളില്‍ ഇപ്പോഴും ചോര്‍ച്ച
ആകെയുള്ളത് 16 ഷട്ടറുകള്‍
എടതിരിഞ്ഞി: കെഎല്‍ഡിസി കനാലിലെ തകരാറിലായ കൂത്തുമാക്കല്‍ ഷട്ടറുകള്‍ താഴ്ത്താന്‍ ശ്രമമാരംഭിച്ചെങ്കിലും ചോര്‍ച്ച പൂര്‍ണമായും തടയാന്‍ കഴിഞ്ഞില്ല. ആറു ഷട്ടറുകളില്‍ ചോര്‍ച്ചയുണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു. ആകെ 16 ഷട്ടറുകളാണുള്ളത്. ഇറിഗേഷന്‍ വകുപ്പ് അറിയിച്ചത് അനുസരിച്ച് മെക്കാനിക്കല്‍ ജീവനക്കാരെത്തിയാണു തകരാറുകള്‍ പരിഹരിച്ച് ഷട്ടറുകള്‍ താഴ്ത്താന്‍ ശ്രമം ആരംഭിച്ചത്. ഓര് വെള്ളം കയറാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും ഷട്ടറുകള്‍ താഴ്ത്താന്‍ കഴിയാത്തതു കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 30 നു മുമ്പ് ഷട്ടറുകള്‍ താഴ്ത്താറുണ്ട്. എന്നാല്‍ ഇത്തവണ ഷട്ടറുകളിലെ തകരാറ് മൂലം താഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. ഷട്ടര്‍ താഴ്ത്താന്‍ വൈകിയാല്‍ ഉപ്പുവെള്ളം കയറി നൂറുകണക്കിനു ഏക്കര്‍ പാടത്തെ നെല്‍കൃഷിയെയും 100 ഏക്കറിലധികം വരുന്ന വാഴ കൃഷിയെയും പച്ചക്കറി അടക്കമുള്ള മറ്റു കൃഷികളെയും ദോഷകരമായി ബാധിക്കും. പ്രദേശത്തെ കിണറുകളിലും ഉപ്പു കലരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ കളക്ടര്‍ അടിയന്തരമായി ഇടപെടണമെന്നു ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
എംഎല്‍എ ഇടപെടണമെന്നു ബിജെപി
എടതിരിഞ്ഞി: കൂത്തുമാക്കല്‍ ഷട്ടര്‍ താഴ്ത്താന്‍ കഴിയാത്തതുമൂലവും പടിയൂര്‍ കെട്ടുചിറ ഷട്ടര്‍ യാഥസമയം അടക്കാത്തതു കൊണ്ടും നിലവിലെ ഷട്ടറിന്റെ ലീക്ക് പരിഹരിക്കാത്തതു മൂലം പടിയൂര്‍ പഞ്ചായത്തിലെ നൂറു കണക്കിനു ഏക്കര്‍ നെല്‍കൃഷി നശിക്കുന്ന രീതിയില്‍ മാറുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലെ ഷട്ടറുകള്‍ ബിജെപി ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഇത്തരം സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥരെക്കെതിരെ കര്‍ശന നടപടിയെടുക്കാനും രണ്ടു ഭാഗത്തുള്ള ഷട്ടറുകള്‍ ഉടന്‍ അടക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുവാനും നെല്‍കര്‍ഷകരെ രക്ഷിക്കാന്‍ എംഎല്‍എ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബിജോയ് കളരിക്കല്‍ ആവശ്യപ്പെട്ടു. ശ്രീജിത്ത് മണ്ണായി, നിഷ പ്രനിഷ്, പ്രഭാത് വെള്ളാപ്പുള്ളി എന്നിവര്‍ നേതൃത്വം നല്കി.