കോന്തിപുലത്ത് താത്കാലികമായി നിര്‍മിക്കുന്ന തടയണ തകരുന്നത് തുടര്‍ക്കഥ
മാടായിക്കോണം: കോന്തിപുലം പാലത്തിനു താഴെ വര്‍ഷം തോറും താത്കാലികമായി നിര്‍മിക്കുന്ന തടയണ തകരുന്നത് പതിവാകുന്നു. കഴിഞ്ഞ വര്‍ഷം രണ്ടുതവണയും അതിനു മുമ്പത്തെ വര്‍ഷം ഒരു തവണയും ഇവിടെ നിര്‍മിച്ചിരുന്ന താത്കാലിക തടയണകള്‍ തകര്‍ന്നുപോയിരുന്നു. കൃഷി ആവശ്യത്തിനു വെള്ളം സംഭരിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചാണു ഓരോ വര്‍ഷവും കെഎല്‍ഡിസി കനാലില്‍ താത്കാലിക തടയണ നിര്‍മിക്കുന്നത്. എന്നാല്‍ വേണ്ടത്ര ബലത്തില്‍ തടയണ നിര്മിക്കാത്തതിനാലാണു ഇങ്ങനെ തകര്‍ന്നുപോകാന്‍ കാരണമെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച പെയ്ത കനത്തമഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നാലുലക്ഷം രൂപ ചെലവഴിച്ച് ദിവസങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച താത്കാലിക തടയണ തകര്‍ന്നിരുന്നു. മഴയില്‍ തോടുകളില്‍ വെള്ളം കയറി കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തടയണയുടെ ഒരു ഭാഗം തള്ളുകയായിരുന്നു. രണ്ടു മഴയില്‍ ഇത്തരത്തില്‍ തള്ളിപ്പോകുന്ന രീതിയില്‍ തടയണ നിര്‍മിക്കുന്നത് ആര്ക്കുവേണ്ടിയാണെന്നാണു കര്‍ഷകരുടെ ചോദ്യം. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായിട്ടാണ് തടയണ നിര്‍മിക്കുന്നത്. വര്‍ഷം തോറും ഡിസംബറില്‍ നിര്‍മിക്കുന്ന തടയണ പിന്നീട് കൊയ്ത്തിനുശേഷം വര്ഷക്കാലമാകുന്നതോടെ പൊട്ടിക്കുകയാണ് പതിവ്. കോന്തിപുലം പാലത്തിനു താഴെ സ്ഥിരം തടയണ വേണമെന്നു വര്‍ഷങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെട്ടുവരുന്നതാണ്. എന്നാല്‍ അതിനു സൗകര്യമൊരുക്കാന്‍ ഇതുവരേയും ഇറിഗേഷന്‍ വകുപ്പിനു സാധിച്ചിട്ടില്ല. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തടയണ തകരാന്‍ കാരണമായതെന്നു കര്‍ഷകര്‍ പറഞ്ഞു. കനാലില്‍ വെള്ളം ഉയരുമ്പോള്‍ അധികമായി വരുന്ന വെള്ളം ഓവര്ഫ്ളോയിലൂടെ തടയണയ്ക്ക് മുകളിലൂടെ ഒഴുകിപ്പോകാന്‍ കൂടുതല്‍ വീതിയില്‍ സ്ഥലം ഇടണമെന്നാണു കര്‍ഷകരുടെ ആവശ്യം. തകര്‍ന്ന തടയണ അടിയന്തിരമായി കെട്ടി വെള്ളം ഒഴുകിപ്പാകാതെ സംരക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തകര്‍ന്ന തടയണ ഇതുവരെയും പുനര്‍നിര്‍മിക്കാനായിട്ടില്ല.