പിണറായി സര്‍ക്കാരിനെ താഴെയിറക്കാനും ഇടതുപക്ഷത്തെ തകര്‍ക്കാനുമുള്ള വന്‍ ഗൂഢാലോചന നടക്കുന്നു-എ. വിജയരാഘവന്
ഇരിങ്ങാലക്കുട: അഴിമതിരഹിത പിണറായി സര്‍ക്കാരിനെ താഴെയിറക്കാനും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള വന്‍ ഗൂഢലോചനയാണു ഇപ്പോള്‍ നടക്കുന്നതെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു. വികസന മുന്നേറ്റ ജാഥയ്ക്കു ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ഭരണത്തെ തകര്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാരാണു അന്വേഷണ ഏജന്‍സിയെ കേരളത്തിലേക്കു അയച്ചത്. ലൈഫ് മിഷന്റെ പേരുപറഞ്ഞ് ഇവരെ ക്ഷണിച്ചു വരുത്തിയതു കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എയാണ്. അഞ്ചു ഏജന്‍സികള്‍ നടത്തിയ അന്വേഷണം എങ്ങുമെത്താതെ പോകുകയായിരുന്നു. നാലര ലക്ഷം ഭവനരഹിതരാണു വീടിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണമാണു ഇവര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ചാണു സര്‍ക്കാരിനെ അട്ടിമറിച്ചതെന്നു പുറത്തായ പോണ്ടിച്ചേരിയിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ ശൈലിയില്‍ കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു നടന്നതെങ്കിലും അത് വിലപോയില്ല. പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും വരുന്നതിനു വേണ്ടിയാണു ഈ വികസന മുന്നേറ്റ ജാഥ ലക്ഷ്യമിടുന്നത്. നാടിന്റെ പൊതു സമ്പത്തായ പൊതു ജനത്തിന്റെ പണം കയ്യിട്ടുവാരി സ്വന്തം പോക്കറ്റിലിടുന്ന ഒരു മന്ത്രി പോലും ഇല്ലാത്ത സര്‍ക്കാരാണു ഇപ്പോഴുള്ളത്. വികസനം എല്ലാ ജനങ്ങള്‍ക്കും എന്നുള്ളതാണു ഇടതു മുന്നണിയുടെ കാഴ്ചപ്പാട്. ദേശീയ പൗരത്വ ബില്‍ കൊറോണ കഴിഞ്ഞാല്‍ നടപ്പാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അതു കേരളത്തില്‍ നടപ്പാക്കില്ലെന്നു ഉറപ്പിച്ചു പറഞ്ഞ വ്യക്തിയാണു മുഖ്യമന്ത്രി പിണറായി വിജയന്. കാലുമാറുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നു ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോള്‍. 100 എംഎല്‍എമാരാണു കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കു മാറിയത്. പതിനായിരകണക്കിനു കോടി രൂപയാണു ഇതിനായി ബിജെപി ചെലവാക്കിയത്. ആളൂരിലെ വാഴക്കുന്നില്‍ നിന്നും നൂറുകണക്കിനു ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് നേതൃത്വം നല്കുന്ന ജാഥയെ സ്വീകരിച്ചത്. ഠാണാവിലെ മെറീന ആശുപത്രി പരിസരത്തുനിന്നും വാദ്യമേളങ്ങളോടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണു ജാഥയെ വരവേറ്റത്. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനറുമായ ഉല്ലാസ് കളക്കാട്ട് ജാഥാ ക്യാപ്റ്റനെ മാലയിടിച്ച് സ്വീകരിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്, പ്രഫ. കെ.യു. അരുണന് എംഎല്‍എ, കെ.സി പ്രേമരാജന്‍, അഡ്വ. കെ.ആര്. വിജയ, പോളി കുറ്റിക്കാടന്‍, ടി.കെ. വര്‍ഗീസ്, രാജു പാലത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.