പാര്‍ട്ടി നല്കിയ നിയമസഭാ സ്ഥാനാര്‍ഥിത്വം വേണ്ടെന്നുവെച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി
ഇരിങ്ങാലക്കുട: പാര്‍ട്ടി നല്കിയ നിയമസഭാ സ്ഥാനാര്‍ഥിത്വം വേണ്ടെന്നുവെച്ച് ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിക്ക് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് കിട്ടിയ ഈ സ്ഥാനാര്‍ഥിത്വം സോണിയ ഗിരി വേണ്ടെന്നു വെക്കുകയായിരുന്നു. ഇതിനെ കുറിച്ച് സോണിയ ഗിരി പറഞ്ഞതിങ്ങനെ… കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി എന്റെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതൊരിക്കലും ഒരു അഹങ്കാരമല്ല, വല്ലപ്പോഴും കിട്ടുന്ന ഒരു ഭാഗ്യവും പാര്‍ട്ടിയുടെ അംഗീകാരവുമാണ്. എന്നാല്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ എന്നെ പാര്‍ട്ടി വിശ്വസിച്ചേല്പിച്ച ഉത്തരവാദിത്വം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി ആത്മാര്‍ഥമായി എടുത്ത തീരുമാനമാണ്. ഇരിങ്ങാലക്കുടയിലെ പ്രമുഖ നേതാക്കളായ എം.പി. ജാക്സണ്, എം.എസ്. അനില്‍കുമാര്‍ എന്നിവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കൗണ്‍സിലര്‍ സ്ഥാനവും പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസം കൗണ്‍സിലര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എം.പി. ജാക്സണ് കൊടുങ്ങല്ലൂരില്‍ മത്സരിക്കുമെന്നാണ് സൂചന.