യുവജനങ്ങള്‍ സമൂഹത്തില്‍ നന്മയുടെ വക്താക്കളായി മാറണമെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു
കാക്കുളിശേരി: യുവജനങ്ങള്‍ സമൂഹത്തില്‍ നന്മയുടെ വക്താക്കളായി മാറണമെന്നു ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു. കാക്കുളിശേരി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന രൂപതാതല ലോക സിഎല്‍സി ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കേണ്ട ഉത്തരവാദിത്വം യുവജനങ്ങള്‍ ഏറ്റെടുക്കണം. സമൂഹത്തിന്റെ നന്മക്ക് വിശ്വാസവും ആദര്‍ശവും ധാര്‍മിക മൂല്യങ്ങളും സംരക്ഷിച്ചുകൊണ്ട് തിന്മക്കെതിയുള്ള പോരാട്ടമാണ് അവര്‍ നടത്തേണ്ടത്. ക്രിയാത്മകമായ യുവജന മുന്നേറ്റം ഉണ്ടായാല്‍ മാത്രമേ സമൂഹത്തിന്റെ ഭാവി സുരക്ഷിതമാകൂവെന്നും ബിഷപ് കൂട്ടിചേര്‍ത്തു. ഇടവക വികാരി ഫാ. ടോം വടക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ ആമുഖപ്രസംഗം നടത്തി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംകുളം, അമ്പഴക്കാട് ഫൊറോന സിഎല്‍സി ഡയറക്ടര്‍ ഫാ. അരുണ്‍ തെക്കിനിയത്ത്, സംസ്ഥാന സിഎല്‍സി പ്രസിഡന്റ് ഷോബി കെ. പോള്‍, രൂപതാ സിഎല്‍സി പ്രസിഡന്റ് റിബിന് റാഫേല്‍, വനിതാ ഫോറം കണ്‍വീനര്‍ ലിദിയ സേവ്യര്‍, അമ്പഴക്കാട് ഫൊറോന സിഎല്‍സി പ്രസിഡന്റ് ആല്ബിന്, രൂപതാ സെക്രട്ടറി വിബിന് തോമസ്, ട്രഷറര്‍ സിംസന് മാഞ്ഞൂരാന്, കണ്‍വീനര്‍ ബിബിന്‍ പോള്‍, കാക്കുളിശേരി സിഎല്‍സി പ്രസിഡന്റ് ജുമില് ജോണ്സണ്, പ്രമോട്ടര്‍ ജോയ് മുളക്കാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. 26 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച സൈനികന് വി.എ. ഷൈജനെ ചടങ്ങില്‍ ആദരിച്ചു.