കന്യാസ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു
മതേതരമൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമം- സിഎല്‍സി ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: ഉത്തര്‍പ്രദേശില്‍ സാമൂഹികസേവന രംഗത്തുള്ള തിരുഹൃദയ സന്യാസിനി സമൂഹത്തിലെ സന്യാസിനിമാരെ ആക്രമിച്ചതും കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമെന്നു സിഎല്‍സി ഇരിങ്ങാലക്കുട രൂപത. ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങളില്‍ തീവ്രവര്ഗീയതയ്ക്കു കീഴ്പ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണെന്നു ഝാന്‍സിയില്‍ നാലു സന്യാസിമാര്ക്കുണ്ടായ അനുഭവമെന്നു യോഗം വിലയിരുത്തി. മതംമാറ്റം നിരോധന നിയമം ദുരുപയോഗിച്ചാണു സന്യാസിനിമാരെ കള്ളകേസില്‍ കുടുക്കാന്‍ തീവ്രവര്‍ഗീയവാദികള്‍ ശ്രമിച്ചത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളില്‍ ആശങ്കയുണ്ടെന്നും യോഗം വിലയിരുത്തി. റെയില്‍വേയും കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങള്‍ നടത്തുകയും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. ദേശീയ വനിതാ കമ്മീഷന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്റെയും ഇടപെടലും ഈ വിഷയത്തില്‍ ഉണ്ടാകണമെന്നു യോഗം ആവശ്യപ്പെട്ടു. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ പ്രമേയം അവതരിപ്പിച്ചു. രൂപതാ സിഎല്‍സി പ്രസിഡന്റ് റിബിന് റാഫേല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ലിന്റോ പനംകുളം, സംസ്ഥാന സിഎല്‍സി പ്രസിഡന്റ് ഷോബി കെ. പോള്‍, സൗത്ത്സോണ്‍ കണ്‍സള്‍ട്ടന്റ് റോഷന് തെറ്റയില്‍, സംസ്ഥാന ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, രൂപതാ സെക്രട്ടറി വിബിന് തോമസ്, ട്രഷറര്‍ സിംസന് മാഞ്ഞൂരാന്, വനിതാ ഫോറം കണ്‍വീനര്‍ ലിദിയ സേവ്യര്‍, അമ്പഴക്കാട് ഫൊറോന സിഎല്‍സി പ്രസിഡന്റ് ആല്ബിന്, വൈസ് പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍, അബീദ് വിന്‍സ്, നിഖില്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കു രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള അക്രമങ്ങളില്‍ ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം പ്രതിഷേധം രേഖപ്പെടുത്തി. മതം മാറ്റം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ സന്യസ്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തിലും അതിനു പിന്തുണ നല്കത്തക്കവിധം പോലീസ് കാണിച്ച നിസംഗതയ്ക്കുമെതിരെയാണു കെസിവൈഎം പ്രതിഷേധിച്ചത്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുക്കണമെന്നും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും രൂപതാ സമിതി ആവശ്യപ്പെട്ടു. കെസിവൈഎം ഇരിങ്ങാലക്കുട രൂപതാ ചെയര്മാന് എമില്‍ ഡേവിസ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, ട്രഷറര്‍ സോളമന് തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ്, മേഖലാ ഡയറക്ടര്‍മാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ലിബിന് മുരിങ്ങലേത്ത്, ഡെല്‍ജി ഡേവിസ്, സെനറ്റ് അംഗങ്ങളായ ആല്ബിന് ജോയ്, ഡേവിസ് ബെന്‍ഷന്‍, അലീന ജോബി, റിജോ ജോയ്, ലേ ആനിമേറ്റര്‍ ലാജോ ഓസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്കി.