പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിന്റെ ക്ഷേമത്തിന് പ്രത്യേക പാക്കേജ് തയാറാക്കും-പ്രഫ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിനായി പ്രത്യേക പാക്കേജ് തയാറാക്കുമെന്നു പ്രഫ. ആര്. ബിന്ദു. അടിസ്ഥാന സൗകര്യ വികസനം, പാര്‍പ്പിടം, തൊഴില്‍, ഭക്ഷണം, ജീവിത നിലവാരം ഉയര്‍ത്തല്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയുള്ള പദ്ധതികളാണു വിഭാവനം ചെയ്യുന്നത്. സഹകരണ മേഖലയിലെ ഇടപെടലുകളിലൂടെ പട്ടികജാതി പട്ടികവര്‍ഗ വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി മുന്‍ഗണന നല്‍കുകയും സംഘം പുനരുജീവിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, കോളനികള്‍ കേന്ദ്രീകരിച്ച് സൗജന്യ പിഎസ്സി കോച്ചിംഗ് സെന്ററുകള്‍, ചാത്തന് മാസ്റ്ററുടെ പേരില്‍ വനിതാ സ്വയം തൊഴില്‍ കേന്ദ്രം, വിധവകളായ പട്ടികജാതി/വര്‍ഗ വനിതകള്‍ക്ക് അഭയ കേന്ദ്രങ്ങള്‍, സഹകരണ മേഖലയില്‍ പട്ടികജാതി/വര്‍ഗ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കാന്റീന്, മത്സ്യ മാര്‍ക്കറ്റുകള്‍, പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളുടെ ഉപരി പഠനത്തിനായുള്ള സൗകര്യമുറപ്പാക്കല്‍ എ്നനിവയ്ക്കായി മുന്‍ഗണന നല്‍കും. ചാത്തന് മാസ്റ്റര്‍ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രഫ. ആര്. ബിന്ദു. ചാത്തന് മാസ്റ്റര്‍ ഹാള്‍ നവീകരണമുള്‍പ്പെടെയുള്ള ഈ ബൃഹത് പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തന്റെ പിതാവ് രാധാകൃഷ്ണന് മാസ്റ്ററുടെ സഹപ്രവര്‍ത്തകനായിരുന്ന ചാത്തന് മാസ്റ്ററോടുള്ള ധാര്‍മിക ബാധ്യത നിറവേറ്റല്‍ കൂടിയാകുമെന്നു അവര്‍ പറഞ്ഞു.