സ്ഥാനാര്‍ഥികളുടെ തിരക്കിനു കുറവില്ല
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പു കഴിഞ്ഞു ഫലത്തിനായി ഇനി ഒരു മാസം നീളുന്ന കാത്തിരിപ്പ്. സ്ഥാനാര്‍ഥികളുടെ തിരക്കിനു കുറവില്ല. വോട്ടെടുപ്പ് ദിനത്തില്‍ എല്ലായിടത്തും സാന്നിധ്യമറിയിക്കാന്‍ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥികള്‍ക്കു വിശ്രമമില്ല. ഔദ്യോഗികവും സ്വകാര്യവുമായ ചടങ്ങുകളിലായിരുന്നു സ്ഥാനാര്‍ഥികള്‍.
അഡ്വ. തോമസ് ഉണ്ണിയാടന്
പുലര്‍ച്ചെ അല്പം വൈകിയാണ് എഴുന്നേറ്റതെങ്കിലും കുറച്ചു നേരം പ്രാര്‍ഥനയിലും വ്യായാമത്തിലും മുഴുകി. ഉച്ചവരെ വിശ്രമം. തുടര്‍ന്ന് മുരിയാട് പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്റെ മകളുടെ മനസന്മത ചടങ്ങിലും പാര്‍ട്ടി പ്രവര്‍ത്തകനായ ഊരകം കൂള ജോണിന്റെ മകന്റെ വിവാഹ വിരുന്നിലും പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം തെരഞ്ഞടുപ്പ് അവലോകനം. മണ്ഡലം കമ്മിറ്റി ചെയര്മാന്മാരും കണ്‍വീനര്‍മാരും പങ്കെടുത്ത് യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍.
പ്രഫ. ആര്. ബിന്ദു
വോട്ടെടുപ്പു ദിനത്തില്‍ തളിയകോണത്ത് ഉണ്ടായ സംഘടനത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു. മണ്ഡലത്തിലെ നേതാക്കളുമായി ആശയ വിനിമയം നടത്തി. തുടര്‍ന്ന് ആളൂര്‍, വേളൂക്കര ലോക്കല്‍ കമ്മിറ്റികളുടെ അവലോകന യോഗത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനിടയില്‍ അപകടത്തില്‍ മരിച്ച പാര്‍ട്ടി പ്രവര്‍ത്തകനായ കിഴുത്താണി കുഞ്ഞുവീട്ടില്‍ അപ്പുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വിശ്രമം.
ഡോ. ജേക്കബ് തോമസ്
രാവിലെ മണ്ഡലത്തിലെ നേതാക്കളുമായി ഫോണില്‍ തെരഞ്ഞെടുപ്പു അവലോകനം നടത്തി. തുടര്‍ന്ന് ഏറെ നേരം വിശ്രമത്തിലായിരുന്നു.
എം.പി. ജാക്സണ്
വോട്ടെടുപ്പു ദിനത്തില്‍ ബൂത്തുകളിലെല്ലാം കറങ്ങി വീട്ടിലെത്തിയപ്പോള്‍ രാത്രി ഏറെ വൈകി. ഒരു മാസത്തോളമായി ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പിരിഞ്ഞു. വോട്ടെടുപ്പു കഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥിയുടെ ദിനര്യയില് കാര്യമായ മാറ്റങ്ങളുണ്ടായില്ല. രാവിലെ മാള കോണ്‍ഗ്രസ് ഓഫീസില്‍ തെരഞ്ഞടുപ്പു അവലോകന യോഗം. പുത്തന്‍ചിറ, കാട്ടൂര്‍ പഞ്ചായത്തുകളിലെ മരണ വീടുകളില്‍ സന്ദര്‍ശനം. പൊയ്യയിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ വിവാഹ വിരുന്നില്‍ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ തെരഞ്ഞെടുപ്പു അവലോകന യോഗത്തില്‍ പങ്കെടുത്തു.
പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ്, കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു ശതമാനത്തോളം കുറവ്
ഇരിങ്ങാലക്കുട: മണ്ഡലത്തില്‍ 74.79 ശതമാനമാണു പോളിംഗ് നടന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.53 ശതമാനമായിരുന്നു പോളിംഗ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 78.82 ശതമാനമാണു പോളിംഗ് നടന്നത്. 2016 ല്‍ 1,92,422 വോട്ടര്‍മാര്‍ ഉണ്ടായിരുന്നതില്‍ 1,49,416 പേരാണു വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോള്‍ 2,01,886 വോട്ടര്‍മാരില്‍ 1,51,007 പേരാണു വോട്ടു രേഖപ്പെടുത്തിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,91,743 വോട്ടര്‍മാരില്‍ 1,48,654 പേര് വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 77.53 ശതമാനമായിരുന്നു പോളിംഗ്. ഇരിങ്ങാലക്കുട നഗരസഭയും കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, ആളൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം. ഇരിങ്ങാലക്കുട പഴയ പൊറത്തിശേരി പഞ്ചായത്ത് പ്രദേശത്ത് 28,771 വോട്ടര്‍മാരില്‍ 21,813 പേര് വോട്ടു രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ടൗണില്‍ 25,571 വോട്ടര്‍മാരില്‍ 18,192 പേര് വോട്ടു രേഖപ്പെടുത്തി. കാട്ടൂര്‍ പഞ്ചായത്തില്‍ 15,428 വോട്ടര്‍മാരില്‍ 11,374 പേര് വോട്ട് രേഖപ്പെടുത്തി. കാറളം പഞ്ചായത്തില്‍ 19,005 വോട്ടര്‍മാരില്‍ 14,740 പേര് വോട്ട് രേഖപ്പെടുത്തി. പടിയൂര്‍ പഞ്ചായത്തില്‍ 16,435 വോട്ടര്‍മാരില്‍ 12,767 പേര് വോട്ട് രേഖപ്പെടുത്തി. ആളൂര്‍ പഞ്ചായത്തില്‍ 35,483 വോട്ടര്‍മാരില്‍ 26,647 പേര് വോട്ട് രേഖപ്പെടുത്തി. വേളൂക്കര പഞ്ചായത്തില്‍ 26,000 വോട്ടര്‍മാരില്‍ 19,252 പേര് വോട്ട് രേഖപ്പെടുത്തി. പൂമംഗലം പഞ്ചായത്തില്‍ 10,685 വോട്ടര്‍മാരില്‍ 7,965 പേര് വോട്ട് രേഖപ്പെടുത്തി. മുരിയാട് പഞ്ചായത്തില്‍ 24,191 വോട്ടര്‍മാരില്‍ 18,256 പേര് വോട്ട് രേഖപ്പെടുത്തി.