കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനു ഗ്രെയ്സ് ഫെസ്റ്റ് ഏറെ സഹായകരം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനു ഗ്രെയ്സ് ഫെസ്റ്റ് ഏറെ സഹായകരമാണെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഗ്രെയ്സ് ഫെസ്റ്റിന്റെ രൂപത തല ഉദ്ഘാടനം ഊരകം സെന്റ് ജോസഫ്സ് ഇടവകയില്‍ വെച്ച് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ബൈബിള്‍ അധിഷ്ഠിതമായ ക്ലാസുകളിലൂടെയും വിശുദ്ധരുടെ ജീവചരിത്രങ്ങളിലൂടെയും കളികളിലൂടെയും പാട്ടുകളിലൂടെയും ദൈവത്തെയും ദൈവവചനത്തെയും കുറിച്ച് കൂടുതല്‍ അറിയുവാനും വചനാധിഷ്ഠിതമായ ഒരു ജീവിതം പരിശീലിക്കാനും കുട്ടികളെ സഹായിക്കുകയാണു ഗ്രെയ്സ് ഫെസ്റ്റ് എന്നതുകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. അനുഗ്രഹത്തിന്റെ ഈ അവധിക്കാലം ഏറ്റവും മനോഹരമാക്കി കുട്ടികള്‍ വിശ്വാസ പരിശീലനത്തില്‍ ആഴപ്പെടുന്നതിനും നല്ല സൗഹൃദങ്ങളും കൂടുതല്‍ ദൈവാനുഗ്രഹങ്ങളും കുഞ്ഞുങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും ലഭിക്കുന്നതിനും വേണ്ടിയാണു മൂന്നു ദിവസങ്ങളിലായി ഗ്രെയ്സ് ഫെസ്റ്റ് നടത്തുന്നത്. ‘ഈശോ നമ്മുടെ രക്ഷകന്, സഭയുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പ്, കുടുംബം ദൈവീക പദ്ധതിയുടെ വിളനിലം’ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണു ക്ലാസുകള്‍ നടക്കുക. ഇരിങ്ങാലക്കുട രൂപത വിദ്യാജ്യോതി മതബോധന കേന്ദ്രത്തിലെ ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍, ഊരകം സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, രൂപത മതബോധന ആനിമേറ്റര്‍ ജോസ് മാളിയേക്കല്‍, ഹെഡ്മാസ്റ്റര് ജോസ് അച്ചങ്ങാടന്‍, പിടിഎ പ്രസിഡന്റ് പി.പി. ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഹെലന് ഡിഡിപി ചടങ്ങില്‍ സന്നിഹിതയായി.