മെഗാ വാക്സിനേഷന് ക്യാമ്പില്‍ എത്തിയ മൂന്നൂറില്‍ അധികം പേര് വാക്സിന് ലഭിക്കാതെ മടങ്ങി
ഇരിങ്ങാലക്കുട: നഗരസഭയുടെയും പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാടായിക്കോണം സ്കൂളില്‍ സംഘടിപ്പിച്ച മെഗാ വാക്സിനേഷന് ക്യാമ്പില്‍ എത്തിയ മൂന്നൂറില്‍ അധികം പേര് വാക്സിന് ലഭിക്കാതെ മടങ്ങി. നഗരസഭയിലെ 7, 8, 10 വാര്‍ഡുകളില്‍ നിന്നുള്ള 45 വയസ്സ് പിന്നിട്ടവര്ക്കായിട്ടാണ് ഒരാഴ്ച മുമ്പ് നല്കിയ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ക്യാംപ് സംഘടിപ്പിച്ചത്. 263 പേര്‍ക്ക് നല്‍കാനുള്ള ഡോസ് മാത്രമാണ് അധികൃതരുടെ പക്കല്‍ ഉണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എപ്രില്‍ 15 മുതല്‍ 25 വരെ വാര്‍ഡ് തലത്തില്‍ വാക്സിനേഷന് ക്യാംപുകള്‍ നടത്താന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇത് അനുസരിച്ച് കൗണ്‍സിലര്‍മാരുടെ നേത്യത്വത്തില്‍ ക്യാംപ് നടത്താനുള്ള വേദികള്‍ എര്‍പ്പാടാക്കുകയും ആളുകള്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ വാക്സിന് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇനി നടക്കാനുള്ള മുഴുവന്‍ ക്യാംപുകളും നിറുത്തി വച്ചിട്ടുണ്ട്. വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മെഗാ ക്യാംപുകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇതിനകം 8999 ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.പൊറത്തിശ്ശരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ 2600 ഡോസ് വാക്സിനും നല്കി കഴിഞ്ഞിട്ടുണ്ട്. പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളില്‍ നടത്തിയ വാക്സിനേഷന് ക്യാംപില്‍ 318 ഡോസും കുഴിക്കാട്ടുക്കോണം ഹോളി ഫാമിലി സ്കൂളില്‍ നടത്തിയ ക്യാംപില്‍ 271 ഡോസും നേരത്തെ നല്‍കിയിരുന്നു.