അപകടത്തില്‍ പരിക്കേറ്റ് ബസ് സ്റ്റാന്‍ഡില്‍ കിടന്നിരുന്ന തമിഴ് വയോധികയെ ആശുപത്രിയിലേക്കു മാറ്റി
അപകടത്തില്‍ പരിക്കേറ്റ് ബസ് സ്റ്റാന്‍ഡില്‍ കിടന്നിരുന്ന തമിഴ് വയോധികയെ ആശുപത്രിയിലേക്കു മാറ്റി. രണ്ടു ദിവസം മുമ്പാണ് കാട്ടൂരില്‍ വച്ച് ഭിക്ഷക്കാരിയായ വയോധികയെ സൈക്കിള്‍ ഇടിച്ചു വീണ് പരിക്കേല്‍ക്കുന്നത്. അതിനുശേഷം ഒന്നു എണീക്കാനോ, നടക്കാനോ കഴിയാതെ ബസ് സ്റ്റാന്‍ഡില്‍ അഭയം തേടുകയായിരുന്നു. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടു വന്നു ബസ് സ്റ്റാന്‍ഡില്‍ ഇറക്കി വിടുകയായിരുന്നുവെന്നു വയോധിക പറയുന്നു. രണ്ടു ദിവസമായി ഓട്ടോ തൊഴിലാളികളും, വ്യാപാരികളും ഭക്ഷണവും മറ്റും നല്‍കിയിരുന്നെങ്കിലും കാലിലേറ്റ പരിക്കിന്റെ വേദനയാല്‍ ഒന്നും കഴിച്ചിരുന്നില്ല.
രണ്ടു ദിവസമായി പ്രാഥമിക ആവശ്യങ്ങള്‍ പോലും കിടന്ന കിടപ്പിലായിരുന്നതിനാല്‍ പരിസരമാക്കെ ദുര്‍ഗന്ധമായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കാലിന്റെ തുടയെല്ലില്‍ പൊട്ടലുള്ളതായി സംശയം പറഞ്ഞു. ഇവരുടെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പെട്ട കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ്, സാമൂഹ്യ പ്രവര്‍ത്തകരായ ഷെമീര്‍ എളേടത്ത്, സന്ദീപ് പോത്താനി, ഓട്ടോ തൊഴിലാളികളായ ജോസ്, ഉണ്ണികൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നീതിയുടെ ആംബുലന്‍സില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം പരിസരം അണുനശീകരണം നടത്തി.