വീട്ടുനിരീക്ഷണത്തില്‍ സൗകര്യങ്ങളില്ലാതെ കഴിയുന്നവര്‍ക്കായുള്ള ഡൊമിസിലിയറി കെയര്‍ സെന്റര്‍ സജ്ജമാക്കി നഗരസഭ
ഇരിങ്ങാലക്കുട: കോവിഡ് സ്ഥിരീകരിച്ച് വീട്ടുനിരീക്ഷണത്തില്‍ സൗകര്യങ്ങളില്ലാതെ കഴിയുന്നവര്‍ക്കായുള്ള ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡിസിസി) നഗരസഭാ പരിധിയില്‍ പ്രവര്‍ത്തനസജ്ജമായി. കാട്ടുങ്ങച്ചിറയില്‍ കോവിഡ് കെയര്‍ സെന്ററായി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ച ഔവര്‍ ആശുപത്രി കെട്ടിടത്തില്‍ തന്നെയാണു ഡിസിസി സജീകരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നഗരസഭ പരിധിയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നു കഴിഞ്ഞ മാസം ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി കഴിഞ്ഞ വര്‍ഷം റവന്യൂ വകുപ്പ് എംസിപി കണ്വെന്ഷന് സെന്റര്‍, ഗായത്രി ഹാള്‍, പിടിആര്‍ കല്യാണമണ്ഡപം എന്നിവ എറ്റെടുത്ത് നഗരസഭക്കു കൈമാറിയിരുന്നു. എന്നാല്‍ ഇവയില്‍ ശുചിമുറി സൗകര്യങ്ങള്‍ പര്യാപ്തമല്ലെന്നും തീവ്ര രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി താലൂക്ക് ആശുപത്രിയില്‍ തന്നെ മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലില്‍ അധികൃതര്‍ എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്ക്കായിട്ടാണു ഇപ്പോള്‍ ഡിസിസി ആരംഭിക്കുന്നത്. റവന്യു വകുപ്പ് ഔവര്‍ ആശുപത്രി കെട്ടിടം ഏറ്റെടുത്ത് നഗരസഭക്കു കൈമാറി. അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ ശുചീകരണ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 30 ഓളം കിടക്കകളാണു ഇവിടെ സജീകരിച്ചിരിക്കുന്നതെന്നു നഗരസഭ അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ വിഭാഗത്തിന്റെ പരിശോധനയും പൂര്‍ത്തിയായിക്കഴിഞ്ഞു. ഭക്ഷണം ഉള്‍പ്പെടെ സൗകര്യങ്ങള്‍ക്കായി കുടുംബശ്രീ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കഴിഞ്ഞ മാസം മാത്രം 553 പേര്‍ക്കാണു നഗരസഭ പരിധിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം ഒന്നു മുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളിലായി മാത്രം 219 പേര്‍ക്കും നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി നഗരസഭ പരിധിയില്‍ 465 പേരുമാണു ചികിത്സയില്‍ കഴിയുന്നത്.