വിടചൊല്ലിയത്….നാടിനെയും ജനങ്ങളെയും നെഞ്ചിലേറ്റിയ കൗണ്‍സിലര്‍
ഇരിങ്ങാലക്കുട: മരണമടഞ്ഞ ഇരിങ്ങാലക്കുട 18-ാം വാര്‍ഡ് ചാലാംപാടം കൗണ്‍സിലര്‍ ജോസ് ചാക്കോള നാട്ടുക്കാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. വാര്‍ഡിലെ ജനങ്ങളുടെ ഏതൊരാവശ്യത്തിനും എപ്പോള്‍ വിളിച്ചാലും ഉടന്‍ സ്ഥലത്തെത്തി പരിഹാരം കാണുന്ന നല്ല മനുഷ്യ സ്നേഹികൂടിയാണ്. രാഷ്ട്രീയത്തിനതീതമായ പൊതുപ്രവര്ത്തനമാണു അദ്ദേഹം കാഴ്ചവെച്ചിരുന്നത്. വാര്‍ഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടു വന്നു നടപ്പാക്കുന്നതിലും സജീവമായിരുന്നു. 2010 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജോസ് ചാക്കോള 460 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2015 ല്‍ വാര്‍ഡ് സംവരണമായതോടെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനു മികവാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 2020 ല്‍ 602 വോട്ടുകളുടെ ഭൂരിപക്ഷമാണു ഇവിടെ നിന്നും നേടിയത്. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു വിജയിച്ച വ്യക്തിയായി മാറി. രണ്ടു തവണ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് കൗണ്‍സിലറായിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയിലും നഗരസഭാ കൗണ്‍സിലിലും സ്ഥാനമാനങ്ങള്‍ വേണ്ടെന്നു നേതൃത്വത്തോടു അറിയിച്ച ഒരു സാധാരണക്കാരന്. വിനയവും കുലീനമായ പെരുമാറ്റവും കൊണ്ട് രാഷ്ട്രീയ പ്രതിയോഗികളുടെ പോലും മനം കവര്‍ന്ന ജനകീയ നേതാവായിരുന്നു ജോസ് ചാക്കോള. യൂത്ത് കോണ്‍ഗ്രസിലൂടെയാണു രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, ചാലാംപ്പാടം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ക്ക് അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിബിന്‍ നായത്തോടന്‍, ഫാ. സാംസണ് എലുവത്തിങ്കല്‍, ഫാ.ടോണി പാറേക്കാടന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ ഇടവകയിലെ യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് ടീം സംസ്കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.