എംഎല്‍എ പ്രഫ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ച് കോവിഡ് ഹെല്‍പ്പ് ഡെസ്ക്
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എംഎല്‍എ പ്രഫ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ കോവിഡ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. എംഎല്‍എ ഓഫീസ് കേന്ദ്രീകരിച്ചാണു ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നത്. നിയോജകമണ്ഡലത്തിലെ നഗരസഭ അടക്കം എട്ടു തദ്ദേശസ്ഥാപനങ്ങള്‍ക്കും ആവശ്യമായ കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ നല്കുന്നതിനായും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായാണു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗികള്‍ക്കു ആവശ്യമായ വാഹനസൗകര്യവും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജരായ ഏഴു യുവാക്കളുടെ സേവനവും ഹെല്‍പ്പ് ഡെസ്കില്‍ നിന്നു ലഭിക്കും. ഹെല്‍പ്പ് ഡെസ്കിലേക്കു മാസ്ക്, സാനിറ്റൈസര്‍, പിപിഇ കിറ്റ് തുടങ്ങിയവ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ചെയര്മാന് കെ.ജി. അനില്‍കുമാര്‍ നല്കി. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് മാസ്കും നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, ലത സഹദേവന്, വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, കൗണ്‍സിലര്‍ മാര്ട്ടിന് ആലേങ്ങാടന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് യു. പ്രദീപ് മേനോന് എന്നിവര്‍ പങ്കെടുത്തു. ആവശ്യമുള്ളവര്‍ക്ക് 0480-2829009 എന്ന നമ്പറില്‍ ബന്ധപ്പെടാം.